അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ നാളെ തൊഴിൽ വകുപ്പിന്റെ യോഗം നടക്കാനിരിക്കെ ആവശ്യങ്ങൾ വ്യക്തമാക്കി ജീവനക്കാർ. കൊച്ചി, കോഴിക്കോട് ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയില്ലെങ്കിൽ 10 മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.മുന്നറിയിപ്പില്ലാതെയാണ് കമ്പനി കേരളത്തിലെ ഓഫീസുകൾ അടച്ചുപൂട്ടി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടത്. പുതിയ ജോലി കണ്ടെത്താൻ ആവശ്യമായ സമയം അനുവദിക്കുകയോ, പിരിച്ചുവിടൽ പിൻവലിക്കുകയോ വേണമെന്നാണ് ജീവനക്കാർ പറയുന്നത്. അതിന് സാധിക്കാത്ത പക്ഷം 10 മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
കോറോ ഹെൽത്തിലെ പ്രതിസന്ധിയോടെ ലേബർ കോഡിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഉമാ തോമസ് എംഎൽഎയും ജില്ലാ ലേബർ ഓഫീസറും പങ്കെടുത്ത യോഗത്തിൽ, നാളെ നടക്കുന്ന ചർച്ച വരെ പിരിച്ചുവിടൽ നടപടി മരവിപ്പിക്കണമെന്ന ആവശ്യം കമ്പനി അധികൃതർ അംഗീകരിച്ചിരുന്നു. എന്നാൽ ഈ ധാരണയാണ് കമ്പനി തെറ്റിച്ചത്.രാത്രിയോടെ പിരിച്ചുവിട്ടതായി അറിയിച്ച് തൊഴിലാളികൾക്ക് ഈമെയിൽ സന്ദേശവും രണ്ടര മാസത്തെ ശമ്പളവും അക്കൗണ്ടിൽ വന്നു. നാളെ വിഷയത്തിൽ തൊഴിൽ വകുപ്പിന്റെ യോഗം നടക്കാനിരിക്കെ കോറോ ഹെൽത്ത് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
