20 മന്ത്രിമാരിൽ 18 പേരും ദൈവനാമത്തിൽ ആണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടുപേർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. കെഎം ഷാജിക്കും കെ മുരളീധരനും വേണ്ടിയാണ് സദസ് ഏറ്റവും അധികം കയ്യടിച്ചത്.മന്ത്രിമാരിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് കുഞ്ഞാലിക്കുട്ടി. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത കുഞ്ഞാലിക്കുട്ടിക്ക് സദസ് വലിയ കയ്യടി നൽകി. പിന്നാലെ രമേശ് ചെന്നിത്തലയും വലിയ കയ്യടിയുടെ അകമ്പടിയോടെയാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും സദസ്സിന്റെ വലിയ കയ്യടിക്കിടയിലൂടെ സത്യപ്രതിജ്ഞ ചെയ്തു. കെ മുരളീധരൻ സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയതോടെ സദസ്സ് ഇളകി മറിഞ്ഞു. ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്.ഘടകകക്ഷി മന്ത്രിമാരായ മോൻസ് ജോസഫും, അനൂപ് ജേക്കബും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ഷിബു ബേബി ജോണും സി.പി ജോണും സഗൗരവം ചുമതല ഏറ്റെടുത്തു. ഇരുവർക്കും നല്ല കയ്യടി കിട്ടി. എ.പി അനിൽകുമാറിനും, വിഷ്ണുനാഥിനും സദസ് അറിഞ്ഞ് കയ്യടിച്ചു.കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത എന്നതുപോലെ സദസ്സ് ഒന്നൊതുങ്ങി. പതിനഞ്ചാമനായി സത്യപ്രതിജ്ഞ ചെയ്യാൻ കെഎം ഷാജി എഴുന്നേറ്റതോടെ സെൻട്രൽ സ്റ്റേഡിയം ഒന്നാകെ ഇളകി മറിഞ്ഞു. മുസ്ലിംലീഗിന്റെ എം.എൽ.എമാർ മുഴുവൻ ദൈവനാമത്തിൽ ആണ് സത്യപ്രതിജ്ഞ ചെയ്തത്. എല്ലാ ലീഗ് എം.എൽ.എമാർക്കും നല്ല കയ്യടി കിട്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഒ.ജെ ജനീഷ് ഏറ്റവും ഒടുവിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പക്ഷേ സദസ്സിന്റെ സ്നേഹത്തിൽ ജനീഷ് പിന്നിലായില്ല.
