സിഎംആർഎൽ ഇടപാടിലെ പിണറായി വിജയന്റെ വീടുകളിലെ ഇ ഡി റെയ്ഡിൽ മനസ് തുറക്കാതെ കോൺഗ്രസ് നേതാക്കൾ. ഇടപാടിലെ പൂർണ വിശദാംശങ്ങളിലേക്ക് കൂടി കടന്നാൽ നിലവിലെ ആഭ്യന്തര, വ്യവസായ മന്ത്രിമാരിലേക്ക് കൂടി അന്വേഷണം എത്തും എന്നതാണ് സാഹചര്യം. അതുകൂടി മുന്നിൽകണ്ടാണ് കരുതലോടെയുള്ള പ്രതികരണം.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡ് ഒരു സാമ്പിൾ വെടിക്കെട്ട് ആകാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ. എല്ലാത്തരത്തിലും പരാജയപ്പെട്ട് നിൽക്കുന്ന ഒരു നേതാവിന്റെ വീട്ടിൽ കയറി റെയ്ഡ് നടത്തുക. അതത്ര നിഷ്കളങ്കമായി തള്ളിക്കളയേണ്ട ഒന്നല്ല എന്ന് കോൺഗ്രസും യുഡിഎഫും പറയുന്നു.
അത് വീണാ തൈക്കണ്ടിയിൽ മാത്രം ഒതുങ്ങും എന്ന് ആരും കരുതുന്നില്ല. സിഎംആർഎൽ ഇടപാടിലാണ് അന്വേഷണം എന്ന് പറയുമ്പോൾ ശശിധരൻ കർത്തായുടെ സംഭാവനാ ബുക്കിൽ ഇടംപിടിച്ച രണ്ട് നേതാക്കൾ യുഡിഎഫിലും ഉണ്ട്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇരുവരും പണം സ്വീകരിച്ചതിനെപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലാ, പാർട്ടിക്ക് വേണ്ടിയാണ് സംഭാവന സ്വീകരിച്ചത് എന്നാണ് ഇരുവരുടെയും നിലപാട്. അത് മുൻ പ്രതിപക്ഷ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ വി ഡി സതീശൻ അടക്കമുള്ളവർ ശരിവച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ ഇഡിയുടെ കഴിഞ്ഞ ദിവസത്തെ റിലീസ് അനുസരിച്ച് പണം വാങ്ങിയ എല്ലാവരിലേക്കും അന്വേഷണം എത്തുമെന്ന് പറഞ്ഞാൽ ആഭ്യന്തര, വ്യവസായ മന്ത്രിമാരുടെ ഔദ്യോഗിക വസതികളിൽ അടക്കം ഇ ഡി കയറിയിറങ്ങുന്ന സമയം വിദൂരമാകില്ല;ചിലപ്പോൾ സെക്രട്ടറിയേറ്റിലും. വി കെ ഇബ്രാഹിംകുഞ്ഞിനും പണം നൽകിയെന്ന് വിവരമുണ്ട്. ഇബ്രാഹിംകുഞ്ഞ് മരിച്ചെങ്കിലും മകൻ അബ്ദുൽ ഗഫൂർ നിലവിൽ മന്ത്രിയാണ്. അങ്ങനെയെങ്കിൽ അബ്ദുൽ ഗഫൂറിന്റെ വീട്ടിലേക്കും പരിശോധന നീളാം. അത് കോൺഗ്രസ് പാർട്ടിക്കും യുഡിഎഫ് എന്ന മുന്നണിക്കും യുഡിഎഫ് സർക്കാരിനും ഉണ്ടാക്കുന്ന തലവേദന ചെറുതാകില്ല. അത് മുന്നിൽകണ്ടാണ് ഒരുമുഴം മുന്നേ എറിഞ്ഞുള്ള കെ മുരളീധരന്റെ നിലപാട്. ഇ ഡി റെയ്ഡിനോട് യോജിപ്പില്ല എന്നും അത് അസ്ഥാനത്തുള്ള റെയ്ഡ് ആണെന്നും കെ മുരളീധരൻ പറഞ്ഞു. ഇന്നലെ മുതൽ ഇതേ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ദേവസ്വം, ആരോഗ്യമന്ത്രി.
നിയമസഭ തുടങ്ങുമ്പോൾ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ തയ്യാറെടുക്കുന്ന പ്രതിപക്ഷത്തെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവിനെ തന്നെ നിർവീര്യമാക്കാൻ പറ്റിയ വിഷയം കയ്യിൽ കിട്ടിയിട്ടും മുഖ്യമന്ത്രി അടക്കമുള്ളവർ മൗനം തുടരുന്നുണ്ടെങ്കിൽ അതിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. അതുകൊണ്ട് തന്നെയാണ് തന്ത്രപരമായ മൗനം മുഖ്യമന്ത്രി വി ഡി സതീശൻ തുടരുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തുമ്പോൾ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനെ പോലും അറിയിക്കാതെ വന്നിറങ്ങി ഇങ്ങനെയൊക്കെ ചെയ്തു പോകാമെങ്കിൽ തുടർനടപടികളും രഹസ്യാത്മകമായിട്ടാകും. മന്ത്രിമാരുടെ വീട്ടിൽ ഇ ഡി പരിശോധന ഉണ്ടായാൽ എങ്ങനെയൊക്കെ ന്യായീകരിച്ചാലും അതിന് ന്യായീകരണം അല്ലാത്ത സ്ഥിതിയും ഉണ്ടാകും. അത് കൂടി ഭയക്കുന്നുണ്ട് യു ഡി എഫ് നേതൃത്വം.
