കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നുള്ള ആകാംക്ഷയ്ക്ക് നാളെ വിരാമമാകും.മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന് ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി മടങ്ങിയതിനു ശേഷമാണ് എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് എത്തിയത്. അദ്ദേഹം ഖര്‍ഗെയുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് നേതാക്കൾ അവകാശം ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു പോകുന്നത്. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശം ഉന്നയിച്ചത്.കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നത് മെയ് നാലിനാണ്. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി, അസം എന്നിവിടങ്ങളിലെല്ലാം മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത്, അതാത് സർക്കാരുകൾ ഭരണവും തുടങ്ങിയിട്ടും കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
