കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലും ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ല. നേതാക്കളുമായി കൂട്ടമായും വ്യക്തിഗതമായും ചർച്ച നടത്തിയെന്ന് ദീപാദാസ് മുൻഷി വ്യക്തമാക്കി. നാളെ വീണ്ടും ഘടകകക്ഷികളുമായി ആശയവിനിമയം നടത്തുമെന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനചർച്ചകൾക്കിടെ സംസ്ഥാനത്ത് ഉയർന്ന പ്രകടനങ്ങളും ഫ്ലക്സ് യുദ്ധവും കോൺഗ്രസ് സംസ്കാരമല്ലെന്ന് ദീപാദാസ് മുൻഷി വിമർശിച്ചു. സോണിയ ഗാന്ധിയുമായി കൂടിയാലോചന നടത്തിയ ശേഷമാകും പ്രഖ്യാപനമെന്നും സൂചനയുണ്ട്.
അതേസമയം, പാർട്ടിയിൽ വിഭാഗീയതയുടെ പ്രതീതി സൃഷ്ടിക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ഫ്ലക്സ് ബോർഡുകൾ ഉടൻ നീക്കണമെന്നും പ്രവർത്തകർ പ്രകടനങ്ങളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ജനങ്ങളാണ് പരമപ്രധാനമെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. നേതാക്കളോടുള്ള സ്‌നേഹപ്രകടനത്തിൽ തെറ്റില്ലെങ്കിലും ഹൈക്കമാൻഡ് തീരുമാനമാണ് എല്ലാവരും അംഗീകരിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളുടെ നിർദേശത്തെ തുടർന്ന് വിവിധ ഭാഗങ്ങളിലെ ഫ്ലക്സുകൾ പ്രവർത്തകർ നീക്കിത്തുടങ്ങി.
കേരള മുഖ്യമന്ത്രി ആര്? തീരുമാനം നീണ്ടു; നാളെ വീണ്ടും ചര്‍ച്ച
