കോടികൾ ചെലവഴിച്ച് ആരംഭിച്ച കോഴിക്കോട് കല്ലായിപ്പുഴ നവീകരണം അശാസ്ത്രീയമാണെന്നും നിർമാണ പ്രവൃത്തി ഇഴയുന്നുവെന്നും പരാതി. പുഴയുടെ മധ്യഭാഗത്ത് നിന്ന് ചെളി നീക്കം ചെയ്യുന്നതുകൊണ്ട് ഗുണമില്ലെന്നാണ് കല്ലായിപ്പുഴ സംരക്ഷണ സമിതി പറയുന്നത്.
സിനിമാ ഗാനങ്ങളിലും മറ്റും പാടിപ്പതിഞ്ഞ കല്ലായിപ്പുഴ ഒരു കാലത്ത് എഴുത്തുകാരുടെ ഇഷ്ടസ്ഥലമായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം കല്ലായിപ്പുഴ മാലിന്യപ്പുഴയായി മാറി. പുഴയിലെ വെള്ളം കാല് കഴുകാൻ പോലും പറ്റാത്തത്ര മലിനമാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കോഴിക്കോട് കല്ലായിപ്പുഴ നവീകരിക്കാൻ 13 കോടി ലഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും മലിനമായ പുഴ കല്ലായിപ്പുഴയാണെന്ന് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ട് വന്നിരുന്നു. 100 മില്ലി ലിറ്റർ വെള്ളത്തിൽ 80,000 കോളിഫോം ബാക്ടീരിയ എന്നതായിരുന്നു ഞെട്ടിക്കുന്ന ആ കണക്ക്. ഇതിന് ശേഷമാണ് പുഴ വൃത്തിയാക്കാൻ തീരുമാനമുണ്ടായത്.
പത്ത് വർഷം മുമ്പ് ചെറിയ തുകയ്ക്ക് തുടങ്ങാനിരുന്ന നവീകരണ പ്രവർത്തി സംസ്ഥാന സർക്കാരിൻ്റെ അനുമതി കാത്ത് കിടന്നു. ഇപ്പോൾ കോഴിക്കോട് കോർപറേഷൻ 12 കോടി 97 ലക്ഷം രൂപ അനുവദിച്ചു. പുഴയുടെ മധ്യഭാഗത്ത് നിന്ന് ചെളി നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഇതല്ലാം അശാസ്ത്രീയമാണെന്നാണ് കല്ലായിപ്പുഴ സംരക്ഷണ സമിതി പറയുന്നത്.13 കോടി ചെലവഴിച്ചു നവീകരണം നടത്തുന്നുണ്ട്. എന്നാൽ ചെളി എത്രത്തോളം കോരിയെടുത്തുവെന്നോ അത് പുഴയ്ക്ക് ഗുണകരമാകുമോ എന്നോ വ്യക്തമല്ല. എന്നാലും കടലിൽ കായം കലക്കുന്നതെന്നോണം കല്ലായിപ്പുഴയിൽ നിന്ന് ചെളി കോരിയെടുക്കുന്നുണ്ട്. ഇത് കല്ലായിപ്പുഴയെ നവീകരിക്കുമോ എന്നത് കാത്തിരുന്നു കാണണം.
