കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ചൂടുപിടിച്ച് കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിശദീകരിക്കുമ്പോൾ ജനവികാരം കണക്കിലെടുത്ത് തീരുമാനമെന്നാണ് മുസ്ലീം ലീഗ് നിലപാട്. വി.ഡി സതീശനെ പിന്തുണച്ച മുസ്ലിം ലീഗിനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി.
മൂന്ന് നേതാക്കളെ ചുറ്റിപ്പറ്റിയുള്ള മുഖ്യമന്ത്രി ചർച്ചകൾക്ക് ഒരിക്കൽകൂടി വഴിമരുന്നിടുകയാണ് എക്സിറ് പോൾ ഫലങ്ങൾ. അത് വലിയ പൊട്ടിത്തെറിയിലേക്ക് പോകുമോയെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്.
എക്സിറ്റ് പോൾ ഫലങ്ങൾ ഭരണമാറ്റം പ്രവചിച്ചതോടെ അണികൾ ഫ്ളക്സ് യുദ്ധം പലയിടങ്ങളിലും പുനരാരംഭിച്ചു. തൊടുപുഴയിലും മൂവാറ്റുപുഴയിലും രാത്രി തന്നെ സതീശനെതിരെ ഫ്ലക്സുകൾ ഉയർന്നു. ചർച്ചകൾ അനാവശ്യമെന്ന് പ്രതികരിച്ച കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുക എംഎൽഎമാരെ കേട്ടശേഷമാകുമെന്നും വ്യക്തമാക്കി.
അതിനിടെ കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം കോടതികയറുകയാണ്.
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതാവ് രജിത് രവീന്ദ്രനെതിരെ സോഷ്യൽ മീഡിയ കോർഡിനേറ്റർ വിമല ബിനു വക്കീൽ നോട്ടീസയച്ചു. തനിക്ക് എതിരായ നീക്കങ്ങൾ കോൺഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമെന്നാണ് വിമലയുടെ ആരോപണം.
