കേരളത്തിൽ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ വിശാല ചർച്ചയ്ക്ക് എഐസിസി. മുൻ കെപിസിസി അധ്യക്ഷൻമാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും മുതിർന്ന നേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി വിഷയത്തിൽ ഇതിനകം ചർച്ച നടത്തിയതായാണ് വിവരം.മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ഹൈക്കമാൻഡ് കൂടുതൽ നേതാക്കളുമായി ആലോചന നടത്താൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് മുൻ കെപിസിസി അധ്യക്ഷൻമാരെ ഉൾപ്പെടെ ഡൽഹിയിലേക്ക് ക്ഷണിച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രന് നേരിട്ട് എത്താനാകാത്ത സാഹചര്യത്തിൽ ഫോൺ വഴി നിലപാട് അറിയിക്കും. കെ സുധാകരൻ, കെ മുരളീധരൻ എന്നിവർ നേരിട്ട് ചർച്ചയിൽ പങ്കെടുക്കും. കെ സുധാകരൻ കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോൾ, കെ മുരളീധരൻ വി ഡി സതീശന് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.
കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ പി അനിൽകുമാർ, ടി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇവർ കെ സി വേണുഗോപാലിനൊപ്പമാണെന്നാണ് വിലയിരുത്തൽ. തിരുവഞ്ചൂർ രാധാകൃഷ്ണനെയും ചർച്ചകൾക്കായി ക്ഷണിച്ചിട്ടുണ്ട്. എ കെ ആന്റണിയുമായി ഫോണിൽ ആശയവിനിമയം നടത്തും.മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്ക് മുന്നോടിയായി രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയുമായും ഖാർഗെയുമായും വിശദ ചർച്ച നടത്തി. ആവശ്യമെങ്കിൽ പിന്നീട് ഘടകകക്ഷികളുമായും ചർച്ച നടത്താനാണ് സാധ്യത.
കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ അത് ദേശീയ നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനമെന്ന വിമർശനം ഒഴിവാക്കാനാണ് വിശാല കൂടിയാലോചനയെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
