കണ്ണൂരിലെ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് റാന്നി എംഎൽഎ പഴകുളം മധു. മുഖ്യമന്ത്രി വി ഡി സതീശന് ഇത് സംബന്ധിച്ച് പഴകുളം മധു നിവേദനം നൽകി. കോടതിയിൽ പുതിയ സർക്കാരിന്റെ നിലപാട് നിർണായകമാകുമെന്ന് പഴകുളം മധു പറഞ്ഞു.
ഇടതുപക്ഷ സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിരോധത്തിൽ ആഴ്ത്തിയ സംഭവമായിരുന്നു പത്തനംതിട്ട സ്വദേശിയും കണ്ണൂർ എഡിഎമ്മുമായ നവീൻ ബാബുവിന്റെ മരണം. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം കേസ് അന്വേഷണത്തിൽ വീഴ്ചകൾ ഉണ്ടെന്ന് അന്ന് പ്രതിപക്ഷത്തിരുന്ന യുഡിഎഫ് നിരന്തരം ആരോപിച്ചിരുന്നു. അതിനാൽ വി ഡി സതീശൻ സർക്കാർ നവീൻ ബാബുവിന്റെ കേസ് എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. പത്തനംതിട്ട മലയാലപ്പുഴസ്വദേശിയായ നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് റാന്നി എംഎൽഎ പഴകുളം മധു മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
കേസിൽ തുടരഅന്വേഷണത്തിന് തലശേരി ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. നവീൻ ബാബുവിന്‍റെ ഭാര്യ ഉന്നയിച്ച നാല് കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തനാണ് കോടതിയുടെ നിർദേശം. സിപിഐഎം നേതാവും പ്രതിയുമായ പി പി ദിവ്യയുടെ പേഴ്സണൽ നമ്പറിലെ വിവരങ്ങൾ മാത്രമാണ് ഇതുവരെ പൊലീസ് ശേഖരിച്ചിട്ടുള്ളത്. അതിനാൽ ഔദ്യോഗിക നമ്പറിലെ മുഴുവൻ വിവരങ്ങൾ കൂടി ശേഖരിക്കണം, പ്രശാന്തൻ ഗോൾഡ് ലോൺ എടുത്താണ് കൈക്കൂലി നൽകിയതെന്ന ആരോപണത്തിൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം, നവീൻ ബാബു കൈക്കൂലിക്കാരനാണെന്ന് ആരോപിച്ചുള്ള പരാതി വിജിലൻസ് ഉദ്യോഗസ്ഥർ എങ്ങനെ കൈകാര്യം ചെയ്തു എന്നതിൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം, പ്രശാന്തനും നവീൻ ബാബുവും കൂടിക്കാഴ്ച നടത്തി എന്ന് പറയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണം ഇങ്ങനെ നാല് കാര്യങ്ങളിലാണ് ഈ കഴിഞ്ഞ മാർച്ചിൽ കോടതി തുടരന്വേഷണം ആവശ്യപ്പെട്ടത്. മെയ് 30നകം റിപ്പോർട്ട് സമർപ്പിക്കാൻ ആണ് നിലവിലെ അന്വേഷണസംഘത്തോട് കോടതി നിർദേശിച്ചിട്ടുള്ളത്.
