കോഴിക്കോട് പാറോപടിയിൽ ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ചാത്തമംഗലം സ്വദേശി അഖിലയെ മർദിച്ച സംഭവത്തിൽ ഭർത്താവ് അജീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. ക്രൂര മർദ്ദനത്തിൽ മൂന്നു ദിവസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന അഖിലയുടെ മാതാപിതാക്കളുടെ പരാതി ഇന്നലെ ബിഗ് ടിവി റിപ്പോർട്ട് ചെയ്തിരുന്നു.
പാറോപടിയിൽ ഭർത്തൃവീട്ടിൽ വച്ച് ശനിയാഴ്ച്ചയാണ് ഭർത്താവ് അജീഷ് അഖിലയെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ അഖില കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി അഖിലയുടെ ആരോഗ്യസ്ഥിതിയും മാതാപിതാക്കളുടെ പരാതിയും ഇന്നലെ ബിഗ് ടിവി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ചേവായൂർ പൊലീസ് അഖിലയിൽ നിന്ന് മൊഴിയെടുത്തു.തുടർന്ന്
രാത്രിയോടെ അജീഷിനെതിരെ കേസെടുക്കുകയായിരുന്നു.
ഗാർഹിക പീഡനം , അടിച്ചു പരിക്കേൽപ്പിക്കൽ അടക്കമുള്ള ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കസേര കൊണ്ട് അടിച്ചും കൈ മുട്ടുകൊണ്ടു കുത്തിയും കാലുകൊണ്ട് ചവിട്ടിയുമുള്ള മർദ്ദനത്തിൽ അഖിലക്ക് ആന്തരിക രക്ത സ്രാവം ഉൾപെടെ ഉണ്ടായിരുന്നു. ശസ്‌ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.
അഖിലയുടെ അച്ഛൻ ടയർ റീ സോളിംഗ് കടയിലെ ജീവനക്കാരനായിരുന്ന അജീഷ്, കഴിഞ്ഞ കുറച്ച് മാസങ്ങളായി ജോലിക്കു പോകുന്നില്ല. അഖില കൂലി പണിക്കു പോയാണ് രണ്ട് കുട്ടികൾ അടക്കമുള്ള കുടുംബത്തിൻ്റെ ഉപജീവനം മാന്നോട്ട് കൊണ്ടുപോയിരുന്നത്. ഇതിൻ്റെ പേരിലുള്ള വാക്കുതർക്കത്തിനിടയിലാണ് അജീഷ് അഖിലയെ മർദ്ദിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. 2012 ൽ വിവാഹിതയായ അഖിലയെ കഴിഞ്ഞ രണ്ട് വർഷമായി അജീഷ് നിരന്തരം മർദ്ദിക്കാറുണ്ടെന്നും അവർ പറഞ്ഞു.
