തൊഴിൽ വകുപ്പ് യോഗത്തിൽ കൈവരിച്ച ധാരണ ലംഘിച്ച് അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്ത് 800 ജീവനക്കാരെ പിരിച്ചുവിട്ടതായി ഇ-മെയിൽ വഴി അറിയിച്ചു. തിങ്കളാഴ്ച തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ വീണ്ടും ചർച്ച നടക്കാനിരിക്കെയാണ് കമ്പനിയുടെ നടപടി. പിരിച്ചുവിടൽ താൽക്കാലികമായി മരവിപ്പിക്കുമെന്ന് കഴിഞ്ഞ യോഗത്തിൽ കമ്പനി അധികൃതർ അറിയിച്ചിരുന്നതാണ്.
കൊച്ചിയിലും കോഴിക്കോടും പ്രവർത്തിച്ചിരുന്ന കോറോ ഹെൽത്തിന്റെ ഓഫീസുകളാണ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. ഇതോടെ 800 ഓളം ജീവനക്കാർക്ക് അപ്രതീക്ഷിതമായി തൊഴിൽ നഷ്ടമായി. എം.എൽ.എ. ഉമാ തോമസിന്റെയും ജില്ലാ ലേബർ ഓഫീസറുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പിരിച്ചുവിടൽ നടപടി മരവിപ്പിക്കുമെന്ന് കമ്പനി ഉറപ്പ് നൽകിയിരുന്നു. വിഷയത്തിൽ തിങ്കളാഴ്ച തൊഴിൽ വകുപ്പ് വീണ്ടും ചർച്ച നടത്താനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ജീവനക്കാരെ പിരിച്ചുവിട്ടതായി അറിയിച്ച് കമ്പനി ഇ-മെയിൽ അയച്ചത്. അർധരാത്രിയോടെ രണ്ടര മാസത്തെ ശമ്പളവും ജീവനക്കാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു.
വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയപ്പോഴാണ് പല ജീവനക്കാരും പിരിച്ചുവിട്ട വിവരം അറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാപനമടയ്ക്കാൻ കാരണമെന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും, രണ്ടര മാസത്തെ ശമ്പളമായി ഏകദേശം 15 കോടി രൂപ ചെലവഴിച്ചുവെന്നാണ് ജീവനക്കാരുടെ ചൂണ്ടിക്കാട്ടൽ.കൂട്ടപ്പിരിച്ചുവിടലിനെതിരെ ജീവനക്കാർ ശക്തമായ പ്രതിഷേധത്തിലാണ്. മറ്റൊരു തൊഴിൽ കണ്ടെത്താൻ ആവശ്യമായ സമയം നൽകണമെന്നും അതുവരെ ഓഫീസ് തുറന്ന് പ്രവർത്തിപ്പിക്കണമെന്നുമാണ് അവരുടെ ആവശ്യം.
