അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ഉയർത്തി .വിചാരണക്കോടതിയുടെ ഏഴ് വർഷം തടവ് ശിക്ഷയാണ് വർധിപ്പിച്ചത്.അതേസമയം,ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. 16ാം പ്രതി മുനീറിന്റെ ശിക്ഷ ഒരു വർഷമാക്കി ഉയർത്തി.പ്രോസിക്യൂഷൻ്റെയും കുടുംബത്തിന്റെയും അപ്പീൽ പരിഗണിച്ച് ഹൈക്കോടതിയുടെതാണ് നടപടി. പ്രതികൾക്കുമേൽ പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയർത്തിയത്.എന്നാൽ, ഒന്നാംപ്രതി ഹുസൈനെ വെറുതെവിട്ട നടപടിക്കെതിരെ അപ്പീൽ പോകാൻ ആണ് കുടുംബം ആലോചിക്കുന്നത്.
ശിക്ഷിക്കപ്പെട്ട പ്രതികൾ ഇതിനകം ജാമ്യത്തിലോ വിചാരണാവേളയിലോ തടവ് അനുഭവിച്ചിട്ടുണ്ടെങ്കിൽ, ആ കാലയളവ് ഇളവു ചെയ്തു കൊടുക്കണം. നേരത്തെ, കേസിലെ നാലാം പ്രതിയായിരുന്ന അനീഷ്, പതിനൊന്നാം പ്രതിയായിരുന്ന അബ്ദുൾ കരീം എന്നിവരെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. 12 പ്രതികളും 2 ലക്ഷം രൂപ വീതം പിഴയായി അടയ്ക്കണം. മറ്റ് രണ്ടു വകുപ്പുകൾ പ്രകാരമുള്ള ശിക്ഷയ്ക്ക് 50,000 രൂപ വീതവും പിഴയടയ്കണം. പ്രതികളിൽനിന്ന് ഈടാക്കുന്ന തുകയിൽനിന്ന് 30 ലക്ഷം രൂപ മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.മധുവിന് ജീവിക്കാൻ അവകാശം ഉണ്ടായിരുന്നുവെന്നും, എന്നാൽ പ്രതികൾ സംഘം ചേർന്ന് പ്രതിരോധം ഇല്ലാത്തവന്റെ മേൽ സംഘടിത ശക്തി പ്രയോഗിച്ചു എന്നും ഉത്തരവിൽ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
