കോഴിക്കോട് മുക്കത്ത് മൂന്ന് കിലോയോളം എംഡിഎംഎ പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. ഡെൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ മുക്കം പൂളപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫ ട്രെയിനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഏപ്രിൽ രണ്ടിനാണ് എംഡിഎംഎയുമായി പ്രതി പിടിയിലായത്. മുക്കത്തെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് 2.803 കിലോ ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് ഹനീഫ. ഇയാളുമായി വിവിധയിടങ്ങളിൽ തെളിവെടുപ്പ് പൂർത്തിയാക്കിയാണ് കൂടുതൽ അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് സംഘം ഡെൽഹിയിലേക്ക് പുറപ്പെട്ടത്.
മുക്കം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും, കോഴിക്കോട് ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുമാണ് പ്രതിയുമായി രാജധാനി എക്സ്പ്രസിൽ ഡെൽഹിയിലേക്ക് യാത്ര തിരിച്ചത്. ഗുജറാത്തിലെ വഡോദരക്ക് സമീപം പ്രതി ട്രെയിനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ട്രെയിനിൽ തെരച്ചിൽ നടത്തിയെങ്കിലും ഹനീഫയെ കണ്ടെത്താനായില്ല. ലോക്കൽ പൊലീസിൻ്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നത്.
