അതികഠിന ചൂടിനെ നേരിടാൻ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്. സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നുവെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു. കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാനും വിതരണം ശക്തിപ്പെടുത്താനും നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
പൊതു ഇടങ്ങളിൽ കുടിവെള്ളവും ഒആർഎസും ലഭ്യമാക്കും. വഴിയോരങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഓട്ടോ–ടാക്സി സ്റ്റാൻഡുകളിലും തണ്ണീർപന്തലുകൾ ഒരുക്കും. സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളും സജ്ജമാക്കും.
അങ്കണവാടികളും സ്കൂളുകളും ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂൾ റൂഫുകൾ നടപ്പാക്കും. ആരോഗ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹീറ്റ് റെസിലിയൻ്റ് ആക്കാനുള്ള നടപടികളും സ്വീകരിക്കും. മഴവെള്ള സംഭരണം എല്ലാ മേഖലകളിലും ഉറപ്പാക്കാനും നിർദേശം നൽകി.
ഇഴജന്തുക്കളുടെ ആക്രമണങ്ങളെ തുടർന്ന് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആശുപത്രികളിൽ മതിയായ ആൻറി വെനം ലഭ്യമാക്കാനും നിർദേശം നൽകി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കും. ഇതിന് ദുരന്തനിവാരണ അതോറിറ്റിക്ക് ചുമതല നൽകി. ആവശ്യമായ പ്രത്യേക ഫണ്ടും അനുവദിക്കും.
അതേസമയം ആശുപത്രികളിൽ ഹീറ്റ് ആൻഡ് ബേൺ ക്ലിനിക്കുകൾ വ്യാപിപ്പിക്കാനും അമീബിക് മസ്തിഷ്കജ്വരത്തെതിരെ പ്രത്യേക ക്യാംപെയ്ൻ നടത്താനും നിർദേശം നൽകി.
വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും നിലവിൽ പവർകട്ടോ ലോഡ് ഷെഡിംഗോ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് യോഗം വിലയിരുത്തി
കഠിന ചൂടിനെ നേരിടുന്നതിന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ നീക്കം ശക്തം
