ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ റീൽസ് ചിത്രീകരിക്കുന്നതിനായി പഴയ വാട്ടർ ടാങ്കിന് മുകളിൽ കയറി കുടുങ്ങിയ രണ്ട് യുവാക്കളെ വ്യോമസേന രക്ഷപ്പെടുത്തി. അപകടത്തിൽ സിദ്ധാർത്ഥ് എന്ന യുവാവ് മരണപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഷാനി, ഗോലു എന്നിവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 16 മണിക്കൂർ നീണ്ട ആശങ്കകൾക്കൊടുവിൽ വ്യോമസേനയുടെ Mi-17 V5 ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രണ്ട് പേരെ താഴെയിറക്കിയത്. ടാങ്കിന് മുകളിൽ കുടുങ്ങിപ്പോയ പവൻ, കല്ലു എന്നിവരെയാണ് വ്യോമസേന ആകാശമാർഗം ഗോരഖ്പൂരിലേക്ക് മാറ്റിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അഞ്ച് യുവാക്കൾ ചേർന്നാണ് ടാങ്കിൽ കയറിയത്. ഇതിനിടെ ടാങ്കിന്റെ ഗോവണി തകർന്ന് വീഴുകയായിരുന്നു. മൂന്ന് പേർ താഴേക്ക് വീഴുകയും ബാക്കി രണ്ടുപേർ മുകളിൽ കുടുങ്ങുകയുമായിരുന്നു. രാത്രിയിൽ എൻഡിആർഎഫ് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും മഴ തടസമായി. തുടർന്നാണ് സംസ്ഥാന ഭരണകൂടം വ്യോമസേനയുടെ സഹായം തേടിയത്. പുലർച്ചെ 5:20ഓടെ സ്ഥലത്തെത്തിയ ഹെലികോപ്റ്റർ 15 മിനിറ്റിനുള്ളിൽ ദൗത്യം പൂർത്തിയാക്കി. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
