ഡെൽഹിയിൽ ആളൊഴിഞ്ഞ റോഡിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ബൈക്കും മൊബൈൽ ഫോണും കവർന്ന കേസിൽ ആറ് പേർ പിടിയിൽ. നാല് യുവാക്കളെയും രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയുമാണ് ഡെൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ഡെൽഹി സ്വദേശിയായ ഹർഷ് (21), അങ്കിത് (24), സുധീർ (28), സങ്കേത് (19), ഹരിയാനയിലെ സോണിപത് സ്വദേശികളായ 17 വയസുള്ള രണ്ട് പേരെയുമാണ് പൊലീസ് പിടികൂടിയത്. ആഢംബര ജീവിതത്തിനും പാർട്ടികൾ നടത്തുന്നതിനുമുള്ള പണം കണ്ടെത്താനായിരുന്നു കവർച്ച എന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ പുലർച്ചെ ഹോലാമ്പി ഖുർദിന് സമീപം ബൈക്കിൽ വരികയായിരുന്ന അഭിനവ് ത്രിപാഠി എന്ന യുവാവിനെ പ്രതികൾ കാറിലെത്തി തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ബലമായി കാറിനുള്ളിലേക്ക് വലിച്ച് കയറ്റുകയും, ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളിലിട്ട് ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നീട് നരേലയിലെ ഹനുമാൻ മന്ദിറിന് സമീപം വഴിയരികിൽ ഉപേക്ഷിക്കുകയുമായിരുന്നു.തുടർന്ന് മൊബൈൽ ഫോണും ബൈക്കുമായി പ്രതികൾ കടന്നുകളയുകയായിരുന്നു.
യുവാവിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളിൽ നിന്ന് കാറും കവർച്ച ചെയ്യപ്പെട്ട ബൈക്കും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. ഡെൽഹി-ഹരിയാന അതിർത്തി മേഖലകളിൽ നടന്ന മറ്റ് ഹൈവേ കവർച്ചകളിൽ ഈ സംഘത്തിന് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
