തമിഴ് നാട്ടിൽ വിശ്വാസ വോട്ടെടുപ്പിലും വിജയം നേടി മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള TVK സർക്കാർ. വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 144 പേർ വോട്ട് ചെയ്തു. വോട്ടെടുപ്പിൽ പങ്കെടുത്ത 171 അംഗങ്ങളിൽ 22 പേർ മാത്രമാണ് എതിർത്തത്.വിശ്വാസ വോട്ടിന് മുൻപ് സർക്കാറിനെ ശക്തമായി വിമർശിച്ച പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നേതൃത്വത്തിലുള്ള ഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.അണ്ണാ ഡിഎംകെ യിൽ സി വി ഷൺമുഖം വിഭാഗത്തിലെ 25 അംഗങ്ങൾ ടിവികെ സർക്കാറിനെ പിന്തുണച്ചു. അതേസമയം എടപ്പാടി പഴനിസ്വാമി വിഭാഗത്തിലെ 22 പേർ എതിർവോട്ട് രേഖപ്പെടുത്തി. ബിജെപി, പിഎംകെ ഉൾപ്പെടെയുള്ള അഞ്ച് അംഗങ്ങൾ നിഷ്പക്ഷത പാലിച്ചു.
“ഇത് ആരെയും വെറുക്കുന്ന സർക്കാറല്ല, എല്ലാവരെയും ഇഷ്ടപ്പെടുന്ന സർക്കാരായിരിക്കും” എന്നായിരുന്നു മുഖ്യമന്ത്രി സി ജോസഫ് വിജയ് വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ പറഞ്ഞത്. മാസ് ഡയലോഗുകളോടെയായിരുന്നു വിജയ് യുടെ നന്ദിപ്രസംഗം.മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നേരിട്ട രാഷ്ട്രീയ പ്രതിസന്ധികൾക്കിപ്പുറം വിശ്വാസ വോട്ട് എളുപ്പത്തിൽ നേടാനായതോടെ ടിവികെ ക്യാമ്പിൽ ആവേശം നിറഞ്ഞു. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും വലിയ സമ്മർദ്ദം നേരിടേണ്ടി വരുന്നത് അണ്ണാ ഡിഎംകെ ആണെന്ന വിലയിരുത്തലാണ് ഉയരുന്നത്. എംജിആർ -ജയലളിത പാരമ്പര്യത്തിൽ ആരുടെ പക്ഷത്താകും പാർട്ടി നിലകൊള്ളുക എന്നതാണ് ഇനി തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രധാന ചർച്ച.
