രാജസ്ഥാനിലെ കോട്ട്പുത്ലി-ബെഹ്‌റോർ ജില്ലയിൽ വിവാഹ ചടങ്ങിനിടെ വിതരണം ചെയ്ത മധുരപലഹാരങ്ങൾ കഴിച്ച് കുട്ടികളടക്കം നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. വിരാട്‌നഗർ മേഖലയിലെ ധാനി ഗസ്കൻ ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ചടങ്ങിൽ വിളമ്പിയ രസമലായ് ഉൾപ്പെടെയുള്ള മധുരപലഹാരങ്ങൾ കഴിച്ച 105 ഗ്രാമവാസികൾക്കാണ് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്.
വ്യാഴാഴ്ച രാത്രി തയ്യാറാക്കിയ മധുരപലഹാരങ്ങൾ വെള്ളിയാഴ്ചയാണ് വിതരണം ചെയ്തത്. അസുഖം ബാധിച്ചവരെ ഉടനടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ഇതിൽ നില ഗുരുതരമായ 16 കുട്ടികളെയും 14 മുതിർന്നവരെയും പിന്നീട് ഷാപുരയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവിൽ എല്ലാവരുടെയും ആരോഗ്യനില മെച്ചപ്പെട്ടതായും ഭൂരിഭാഗം പേരും ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു.
