നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ മുഴുവൻ അംഗങ്ങളുടെയും ഇടപാടുകൾ സിബിഐ പരിശോധിക്കും. നിലവിൽ രണ്ട് ഉന്നതരടക്കം മൂന്ന് പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഇനിയും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
രാജ്യത്തെ പ്രധാന പരീക്ഷാ സംവിധാനത്തിൽ നിരന്തരം ക്രമക്കേടുകൾ ഉണ്ടാക്കുന്ന നാണക്കേട് ചില്ലറയല്ല. അതുകൊണ്ടാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പേപ്പർ സെറ്റിങ് പാനലിനെ മുഴുവൻ നിരീക്ഷിക്കാൻ സിബിഐ ഒരുങ്ങുന്നത്. മനീഷ് ഗുരുനാഥ് മന്താരയ്ക്ക് പിന്നാലെ ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യസൂത്രധാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന പി വി കുൽക്കർണി കൂടി അറസ്റ്റ് ചെയ്യപ്പെട്ടതോടെ സിബിഐ നീക്കം വ്യക്തമാണ്. പൂനെ സ്വദേശിയായ മന്താര, പേപ്പർ സെറ്റിങ് ടീമിലെ വിദഗ്ദയും ബോട്ടണി, സുവോളജി സെക്ഷനിലെ എല്ലാ വിവരങ്ങളും അറിയുന്ന അംഗവുമാണ്. അവരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരനായ റിട്ട.കെമിസ്ട്രി അധ്യാപകനും മഹാരാഷ്ട്രയിലെ ലത്തൂർ സ്വദേശിയുമായ പി വി കുൽക്കർണിയിലേക്കെത്തുന്നത്.
ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടത്തിലേക്ക് തന്നെ അന്വേഷണ ഏജൻസിക്ക് എത്താൻ കഴിഞ്ഞത് ഇനിയുള്ള കാര്യങ്ങൾ എളുപ്പമാക്കുമെന്നാണ് സിബിഐ കരുതുന്നത്. നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോരുകയും അത് പിഡിഎഫ് രൂപത്തിൽ വ്യാപകമായി പ്രചരിക്കുകയുമായിരുന്നു.അദ്യം അറസ്റ്റിലായ മനീഷ മന്താര പൂനെയിലെ ഒരു കോച്ചിങ് സെന്ററിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ക്ലാസ് എടുത്തിരുന്നതായി സിബിഐ കണ്ടെത്തിയിരുന്നു. ആ ക്ലാസിലെ കുട്ടികൾക്ക് മന്താര സുവോളജി, ബോട്ടണി ചോദ്യപേപ്പറുകൾ ചോർത്തി നൽകിയിരുന്നു എന്നും സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മന്താരയ്ക്കും കുൽക്കർണിക്കും വിദ്യാർഥികളെ എത്തിക്കുന്നതിലെ മുഖ്യകണ്ണിയായി പ്രവർത്തിച്ചിരുന്ന മനീഷാ വാഗ്മറെയെ നേരത്തെ തന്നെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അവരുടെ ബ്യൂട്ടിപാർലർ വഴിയാണ് കുട്ടികളെ സ്വാധീനിച്ച് ഇവരുടെ കോച്ചിങ് കേന്ദ്രങ്ങളിലേക്കെത്തിച്ചിരുന്നത്.
