ഗുജറാത്തിലെ വഡോദരയിൽ യുവതിയെ ആൺസുഹൃത്ത് ലാപ്ടോപ്പ് ചാർജർ കഴുത്തിൽ മുറുക്കി കൊന്നു. 24 കാരിയായ ദിവ്യ പാർമറാണ് കൊല്ലപ്പെട്ടത്. യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ ആൺസുഹൃത്ത് രോഹൻ പാർമറെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
മെയ് 3നാണ് കൊലപാതകം നടന്നത്. കൈകളിൽ മെഹന്ദി ഇടാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ദിവ്യയെ രോഹൻ വഡോദരയിലെ ഒരു വാട്ടർ പാർക്കിലും പിന്നീട് മറ്റൊരിടത്തും കൊണ്ടുപോയി. അവിടെ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും, പ്രകോപിതനായ രോഹൻ ലാപ്ടോപ്പ് ചാർജർ ഉപയോഗിച്ച് ദിവ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഒളിപ്പിക്കുകയും ദിവ്യയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.
അഞ്ച് ദിവസം മുമ്പേ രോഹൻ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിയാൻ ഉപയോഗിച്ച ബെഡ്ഷീറ്റിലെ ഡിമാർട്ട് എന്ന ടാഗാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. സൂചന ഉപയോഗിച്ച് നഗരത്തിലെ ഡിമാർട്ട് സ്റ്റോറുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് രോഹൻ ഈ ബെഡ്ഷീറ്റ് വാങ്ങുന്ന ദൃശ്യങ്ങൾ കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പൊലീസ് വലയിലാക്കി.
