മധ്യേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ റഷ്യ ഇടപെടുമെന്ന് പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രതികരണം.
പുടിനും അബ്ബാസ് അരാഗ്ചിയും കൂടിക്കാഴ്ച നടത്തിയെന്ന് റഷ്യയുടെ വാർത്താ ഏജൻസിയായ ടാസ്സ് ആണ് റിപ്പോർട്ട് ചെയ്തത്. ഇറാൻ ജനത നടത്തുന്നത് സ്വന്തം പരമാധികാരം സംരക്ഷിക്കാനുള്ള ധീരമായ യുദ്ധമാണെന്ന് പുടിൻ പറഞ്ഞു. പ്രതിസന്ധി മറികടന്ന് സമാധാനം കണ്ടെത്താൻ ഇറാനെ സഹായിക്കാൻ റഷ്യ തയ്യാറാണെന്നും വ്യക്തമാക്കി.
ഇറാൻ ലോകത്തിലെ സൂപ്പർ പവറിനെതിരെയാണ് പോരാട്ടമെന്നും ഇതുവരെ ലക്ഷ്യം കൈവരിക്കാനായിട്ടില്ലെന്നും അരാഗ്ചി പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് അമേരിക്ക ചർച്ചയ്ക്ക് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ റിപ്പബ്ളിക് സുശക്തമാണെന്നു തെളിയിക്കപ്പെട്ടുവെന്നും അരാഗ്ചി പറഞ്ഞു. പാകിസ്താനിൽ രണ്ടുവട്ടം സന്ദർശിച്ച അബ്ബാസ് അരാഗ്ചി അമേരിക്കയ്ക്കുള്ള സന്ദേശം കൈമാറിയിരുന്നു. ഈ സന്ദേശത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉന്നതതല യോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ട്രംപ് വിളിച്ചു ചേർത്തത്. ഇറാൻ അമേരിക്കയ്ക്കു കൈമാറിയ സന്ദേശത്തിന്‍റെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. നിരവധി നിർദേശങ്ങളുണ്ട്, എന്നാൽ തൃപ്തികരമല്ല എന്നുമാത്രമാണ് ട്രംപ് പ്രതികരിച്ചത്. അമേരിക്ക 15 ഇന നിർദേശങ്ങളാണ് ഇറാന് നൽകിയിരിക്കുന്നത്. അവയിൽ പലതും സ്വീകരിക്കാൻ ഇറാനും തയ്യാറല്ല. യുദ്ധം അവസാനിപ്പിക്കാൻ ചില വിട്ടുവീഴ്ചകൾ കൂടി രണ്ടാം സന്ദർശനത്തിൽ ഇറാൻ കൈമാറി എന്നാണ് റിപ്പോർട്ടുകൾ.
ഇസ്രായേൽ സൈന്യം തെക്കൻ ലബനനിൽ കനത്ത ആക്രമണം തുടരുകയാണ്. രണ്ടു കുട്ടികൾ അടക്കം 14 പേരാണ് 24 മണിക്കൂറഇനിടെ കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈനികർക്കു നേരെ ആക്രമണം നടത്തിയതായി ഹെസ്ബുള്ളയും അവകാശപ്പെട്ടു. യുദ്ധം അവസാനിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ ഇല്ലാത്തതിനെതുടർന്ന് എണ്ണവില പിന്നെയും കുതിച്ചുയർന്നു. ബാരലിന് 109 ഡോളറാണ് ഇപ്പോഴത്തെ വില.
