ഗുജറാത്തിൽ നിന്നുള്ള ഇന്ത്യൻ ചരക്കുകപ്പലായ ഹാജി അലിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായെന്ന് റിപ്പോർട്ട്. ഒമാനിലെ വടക്കൻ തീരത്തിന് സമീപമുള്ള ലിമയിൽ വെച്ചാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച പുലർച്ചെ 3:30ന് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും തുടർന്ന് കപ്പൽ കടലിൽ മുങ്ങുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ അധികൃതർ സുരക്ഷിതമായി രക്ഷപ്പെടുത്തി. സോമാലിയയിൽ നിന്ന് ഷാർജയിലേക്ക് കന്നുകാലികളുമായി പോകുകയായിരുന്നു കപ്പൽ. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ സലായ തുറമുഖത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് ഈ കപ്പൽ.
ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. മിസൈലോ ഡ്രോണോ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇറാൻ-യുഎസ് തർക്കം നിലനിൽക്കുന്ന ഹോർമൂസ് കടലിടുക്കിന് സമീപം നടന്ന ആക്രമണം മേഖലയിലെ സമുദ്ര സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.
