ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വേനൽമഴ ലഭിച്ചെങ്കിലും കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ്, കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയും താപനില ഉയരാൻ സാധ്യതയുണ്ട്.ആലപ്പുഴയും പത്തനംതിട്ടയും ഉൾപ്പെടെ 8 ജില്ലകളിൽ 37 ഡിഗ്രി വരെ അന്തരീക്ഷ താപനില വർധിക്കുമെന്നാണ് പ്രവചനം. സാധാരണയേക്കാൾ 2-4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്.
സംസ്ഥാനത്ത് ആശങ്ക ഉയർത്തി അൽട്രാ വയലറ്റ് വികിരണ തോത് അപകടകരമായ രീതിയിൽ ഉയരുകയാണ്. അഞ്ച് പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും സഞ്ചാരികൾ തണുപ്പ് തേടി പോകുന്ന മൂന്നാറിലും ഓറഞ്ച് അലേർട്ടാണുള്ളത്.
അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി വേനൽമഴ തുടരും. നാളെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
