ഉത്തർപ്രദേശിൽ വിവാഹ വാഗ്ദാനം നൽകി പുരുഷന്മാരെ വഞ്ചിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തെ മഹാരാജ്‌ഗഞ്ച് പൊലീസ് പിടികൂടി. സംഘത്തിലെ നാല് സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 39,500 രൂപയും തട്ടിപ്പിലൂടെ കൈക്കലാക്കിയ വെള്ളി പാദസരങ്ങളും മംഗളസൂത്രവും പൊലീസ് കണ്ടെടുത്തു. തട്ടിപ്പ് സംഘത്തിലെ സഹായി ജിതേന്ദ്രക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് എസ്പി ശക്തി മോഹൻ അശ്വതി പറഞ്ഞു. ഇറ്റാ സ്വദേശിയായ രഞ്ജിത് ചൗഹാൻ നൽകിയ പരാതിയെത്തുടർന്നാണ് തട്ടിപ്പ് പുറംലോകം അറിയുന്നത്. ജിതേന്ദ്രയും സംഘവും ചേർന്ന് അഞ്ജലിക എന്ന യുവതിയുമായി രഞ്ജിതിന്റെ വിവാഹം ഉറപ്പിക്കുകയായിരുന്നു. എന്നാൽ വധു വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.
വിവാഹച്ചെലവെന്ന വ്യാജേന ഒരു ലക്ഷത്തോളം രൂപയും ആഭരണങ്ങളും പ്രതികൾ കൈക്കലാക്കി. എന്നാൽ ചടങ്ങിനിടെ അക്രമാസക്തരായ പ്രതികൾ രഞ്ജീതിനെ മർദിക്കുകയും പണവുമായി കടന്നുകളയുകയുമായിരുന്നു. ജിതേന്ദ്ര ‘വധുവിനൊപ്പം’ രക്ഷപ്പെട്ടപ്പോൾ മറ്റ് സ്ത്രീകൾ ഒളിവിൽ പോയി.
പിടിയിലായ സുമിത്ര, ലാൽതി, കാജൽ, അഞ്ജലിക എന്നിവരിൽ ലാൽതിയാണ് സംഘത്തലവൻ. ഇവർക്കെതിരെ മുമ്പും ക്രിമിനൽ കേസുകളുണ്ട്. ഇരകളുടെ വിശ്വാസം ആർജ്ജിക്കാനായി വധുവിന്റെ അമ്മയായി അഭിനയിച്ചിരുന്ന സുമിത്ര, ബധിരയും മൂകയുമായി അഭിനയിച്ചാണ് തട്ടിപ്പിന് സഹായിച്ചിരുന്നത്. കേസിൽ ഒളിവിൽ പോയ അഞ്ചാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
