തിരുവനന്തപുരത്ത് നിന്ന് ഡെൽഹിയിലേക്ക് പോയ രാജധാനി എക്സ്പ്രസിൽ തീപിടിത്തം. ഇന്ന് പുലർച്ചെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപമാണ് ബി വൺ കോച്ചിലും
തൊട്ടടുത്ത ഗാർഡ് ബോഗിയിലും തീ പടർന്നത്. യാത്രക്കാർ ഉടൻ തന്നെ ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
വെള്ളിയാഴ്ച തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് പുലർച്ചെ അഞ്ചേ കാലോടെയാണ് എഞ്ചിനിലും തൊട്ടടുത്ത കോച്ചായ ബി വണ്ണിലും തീപിടിത്തമുണ്ടായത്. പുലർച്ചെ എല്ലാവരും ഉറങ്ങുന്ന സമയത്താണ് അപകടമുണ്ടായതെങ്കിലും ശബ്ദവും തീയും മൂലമുണ്ടായ പുകയയും അസ്വസ്ഥതയും കാരണം യാത്രക്കാർ ഉണരുകയായിരുന്നു. ഉണർന്ന യാത്രക്കാർ മറ്റുള്ളവരെ ഉണർത്തിയതാണ് വലിയ അപകടം ഒഴിവാക്കിയത്. ഉടൻ തന്നെ ബി വൺ കോച്ചിലെ യാത്രക്കാർ മുഴുവൻ ഇറങ്ങി. അതുകൊണ്ട് ആർക്കും കാര്യമായി പരിക്കേറ്റില്ല. എന്നാൽ കോച്ചിലെ യാത്രക്കാരുടെ ലഗ്ഗേജുകൾ മുഴുവൻ കത്തി നശിച്ചു. ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് തീപിടിത്തമുണ്ടായതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. ഡെൽഹി യാത്രയ്ക്ക് ധാരാളം മലയാളികൾ ആശ്രയിക്കുന്ന ട്രെയിനാണ് രാജധാനി എക്സ്പ്രസ്. ബി വൺ കോച്ചിൽ 68 യാത്രക്കാരാണുണ്ടായിരുന്നത്. തീപിടിത്തമുണ്ടായ ബി വൺ കോച്ചും ഗാർഡ് ബോഗിയും വേർപെടുത്തിയ ശേഷം അഞ്ച് മണിക്കുറോളം വൈകി രാവിലെ 9.45ന് ആണ് ട്രെയിൻ യാത്ര തുടർന്നത്.
അപകടത്തെ തുടർന്ന് ഡെൽഹി-മുംബൈ റൂട്ടിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കിയെന്നും പ്രദേശം തണുപ്പിച്ച് കൂടുതൽ അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുത്തിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. അപകടത്തെക്കുറിച്ച് റെയിൽവേ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
