ഡൽഹിയിലെ മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ച സംഭവത്തിൽ ഷോർട്ട് സർക്യൂട്ടാണ് ദുരന്തത്തിന് വഴിവെച്ചതെന്ന പ്രാഥമിക നിഗമനത്തിലേക്ക് അന്വേഷണ സംഘം. ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റ് ഭാഗത്തോ വൈദ്യുതി സംവിധാനത്തിലോ ഉണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അധികൃതർ സംശയിക്കുന്നത്.തീപിടിത്തം ആരംഭിച്ചതിന് പിന്നാലെ കെട്ടിടത്തിലുടനീളം തീയും പുകയും അതിവേഗം വ്യാപിച്ചു. ഇടുങ്ങിയ കെട്ടിടം, ഒറ്റ പ്രവേശന-പുറത്തിറക്കൽ മാർഗം, അടച്ചിട്ട ജനലുകൾ, മതിയായ രക്ഷാപാതകളുടെ അഭാവം എന്നിവ രക്ഷാപ്രവർത്തനത്തെ സങ്കീർണമാക്കുകയും നിരവധി പേർ അകത്ത് കുടുങ്ങാനിടയാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.ആറ് മുറികൾക്ക് മാത്രം അനുമതിയുള്ള കെട്ടിടത്തിൽ 25 മുറികൾ പ്രവർത്തിപ്പിച്ചിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. അനധികൃത വികസനവും സുരക്ഷാ മാനദണ്ഡ ലംഘനങ്ങളും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചുവെന്നും വിലയിരുത്തുന്നു.
സംഭവത്തിൽ ഹോട്ടൽ ഉടമയെ കസ്റ്റഡിയിലെടുത്ത പൊലീസ്, മാനേജരെയും മറ്റ് ഉത്തരവാദികളെയും കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. കെട്ടിട അനുമതി, അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ, ഉദ്യോഗസ്ഥരുടെ വീഴ്ചകൾ എന്നിവ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. നഗരത്തിലെ ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയിൽ വ്യാപക പരിശോധന നടത്താനും അഗ്നിസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
