തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വീണ്ടും നീറ്റിനെതിരെ ശക്തമായ നിലപാട് ആവർത്തിച്ചു. നീറ്റ് അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ പ്രവേശന സംവിധാനം റദ്ദാക്കി, പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.നീറ്റ്-യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിലാണ് വിജയിയുടെ പ്രതികരണം. ദേശീയതല പരീക്ഷാ സംവിധാനത്തിലെ ഘടനാപരമായ പിഴവുകളാണ് പുതിയ വിവാദം പുറത്തുകൊണ്ടുവന്നതെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപ്രദേശങ്ങളിലെയും സർക്കാർ സ്കൂളുകളിലെയും പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നീറ്റ് അനീതിയാണെന്ന തമിഴ്നാട്ടിന്റെ ദീർഘകാല നിലപാടും മുഖ്യമന്ത്രി ആവർത്തിച്ചു. എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകൾ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നികത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും വിവിധ സംസ്ഥാനങ്ങളിൽ പരിശോധന തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം ശക്തമായതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
