തമിഴ്നാട്ടിലെ അമ്മ കാന്റീനുകൾ നവീകരിക്കാനും ആധുനികവത്കരിക്കാനും ഉത്തരവിട്ട് മുഖ്യമന്ത്രി ജോസഫ് സി വിജയ്. കാന്റീനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും രുചിയും തൃപ്തികരമല്ലെന്ന പരാതികൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഇതോടനുബന്ധിച്ച് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. കാന്റീൻ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും, പാചകത്തിനായി പുതിയ പാത്രങ്ങളും ആധുനിക അടുക്കള ഉപകരണങ്ങളും വാങ്ങാനും, ജനങ്ങൾക്ക് രുചികരവും ഗുണമേന്മയുള്ളതുമായ ഭക്ഷണം സുരക്ഷിതമായി നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മുഖ്യമന്ത്രി നിർദേശം നൽകി.
തമിഴ്‌നാട്ടിൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി വൻ ജനപ്രീതി നേടിയ ജനക്ഷേമ പദ്ധതിയാണ് അമ്മ കാന്റീൻ. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ച് 2013 ഫെബ്രുവരി 24നാണ് ചെന്നൈയിൽ പദ്ധതി ആരംഭിച്ചത്. പിന്നീട് 2021ൽ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നപ്പോഴും പദ്ധതി നിർത്തലാക്കുകയോ പേര് മാറ്റുകയോ ചെയ്യാതെ 200 പുതിയ കാന്റീനുകൾ കൂടി പ്രഖ്യാപിച്ചിരുന്നു. നിലവിലെ മുഖ്യമന്ത്രി വിജയ്‌യും ഈ മാതൃക തുടരുകയും, പദ്ധതി പൂർണമായി നവീകരിക്കാൻ ഉത്തരവിടുകയുമാണ് ചെയ്തത്.
നിലവിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന് കീഴിൽ 383 കാന്റീനുകളും, മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ 237 കാന്റീനുകളും ഉൾപ്പെടെ ആകെ 620 അമ്മ കാന്റീനുകളാണ് തമിഴ്നാട്ടിൽ പ്രവർത്തിക്കുന്നത്.
