സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-കുരങ്ങ് സംഘർഷം ലഘൂകരിക്കുന്നതിനായി പുതിയ കർമ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. ജനവാസ മേഖലയിലിറങ്ങുന്ന കുരങ്ങുകളെ സുരക്ഷിതമായി പിടികൂടി മാറ്റിപ്പാർപ്പിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രത്യേക ദൗത്യത്തിന് സർക്കാർ രൂപം നൽകി. റവന്യൂ-വനം വകുപ്പുകളുടെ ഉത്തരവ് പ്രകാരം, ഒരു കുരങ്ങിനെ പിടികൂടിയാൽ 600 രൂപ വീതം പ്രതിഫലം ലഭിക്കും. കുരങ്ങുകളെ പിടികൂടുന്നതിലെ അപകടസാധ്യതയും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് പ്രതിഫലം നിശ്ചയിക്കണമെന്ന ജനപ്രതിനിധികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് നടപടി.
റീസസ് മക്കാക്കുകൾ, ഹനുമാൻ ലംഗൂറുകൾ എന്നിവയെയാണ് പ്രധാനമായും പിടികൂടാൻ ഉദ്ദേശിക്കുന്നത്. വനമേഖലയുടെ കുറവും മാലിന്യങ്ങളിൽ നിന്ന് എളുപ്പത്തിൽ ഭക്ഷണം ലഭിക്കുന്നതും കുരങ്ങുകൾ ജനവാസമേഖലയിലേക്ക് എത്താൻ കാരണമാകുന്നു. ഇത് കൃഷിനാശത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്നുണ്ട്.
കുരങ്ങുകളെ പിടികൂടുന്നതിന് മാർഗനിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. കുരങ്ങുകളോട് ക്രൂരത കാണിക്കരുതെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വലകളോ കൂട്ടുകളോ ഉപയോഗിച്ച് മാത്രമേ പിടികൂടാവൂ. ഓരോ നടപടിയും ഫോട്ടോ സഹിതം രേഖപ്പെടുത്തണം. പിടികൂടുന്ന കുരങ്ങുകളെ അവയുടെ വാസസ്ഥലത്ത് നിന്ന് ചുരുങ്ങിയത് 10 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ തുറന്നുവിടണം എന്നിങ്ങനെയാണ് നിർദേശങ്ങൾ.
വന്യജീവി സംരക്ഷണ നിയമങ്ങൾ പാലിച്ചുകൊണ്ട് പൊതുജന സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. താത്കാലിക ആശ്വാസമെന്ന നിലയിലാണ് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്.
