കരിപ്പൂരിൽ സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി.സ്വർണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയാണെന്ന് മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‌ലം പൊലീസിന് മൊഴി നൽകി. വിമാനത്താവളത്തിൽ എല്ലാം ക്രമീകരിച്ചിട്ടുണ്ടെന്ന് സ്വർണം കൊടുത്തുവിട്ടവർ പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്. കസ്റ്റംസിന്റെ പിടിവീഴില്ലെന്നും കൊടുത്തു വിട്ടവർ ഉറപ്പുനൽകിയെന്നാണ് അസ്‍ലം പൊലീസിനോട് പറഞ്ഞത്. അസ്‍ലമിന്റെ കൈവശം സ്വർണം കൊടുത്തുവിട്ടത് കോഴിക്കോട് കൊടുവള്ളി സ്വദേശി റിയാസാണ്.
അസ്‌ലം കസ്റ്റംസ് പരിശോധനകളെ മറികടന്ന് സ്വർണം എയർപോർട്ടിന് പുറത്തെത്തിച്ചു. എമർജൻസി ലാംപിനകത്ത് പാളികളായാണ് സ്വർണം കടത്തിയത്. സാധാരണഗതിയിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒന്നിലധികം തവണ പ്രത്യേക പരിശോധന നടത്താറുണ്ട്. അതുണ്ടായില്ലെന്നത് സംശയം ബലപ്പെടുത്തുന്നു.ഒന്നര കോടി രൂപയിലധികം വിലവരുന്ന സ്വർണമാണ് എസ്പിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്. എയർ കസ്റ്റംസിന്റെ ഒത്താശയോടെ സ്വർണം കടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസ് പൊലീസ് പ്രിവന്റീവ് കസ്റ്റംസിന് കൈമാറി. മുൻപും സമാനമായ വിവരങ്ങളുടെ പശ്ചാത്തലത്തിൽ കരിപ്പൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിലായിരുന്നു. ആ കേസ് സിബിഐ അന്വേഷിച്ചുവരികയാണ്.
