കർണാടകയിലെ വെങ്കട്ടപുര നദിയിൽ കക്ക വാരുന്നതിനിടെ ഒരു കുടുംബത്തിലെ എട്ട് പേർ മുങ്ങിമരിച്ചു. അപകടത്തിൽപ്പെട്ട മൂന്ന് പേർക്കായി പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. ഉത്തര കന്നഡ ജില്ലയിൽ ഭട്കലിന് സമീപമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കക്ക വാരുന്നതിനായി 14 പേരടങ്ങുന്ന സംഘം ഒന്നിച്ച് നദിയിലേക്ക് ഇറങ്ങിയതാണെന്നാണ് സൂചന. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനുമാണുള്ളത്. നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ടാണ് അപകടമെന്നാണ് നിഗമനം.
അപകടം നടന്നയുടൻ പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് മൂന്ന് പേരെ ജീവനോടെ രക്ഷപ്പെടുത്തി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നദിയിൽ അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദേശം.
