ഉത്തർപ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ ശക്തമായ പൊടിക്കാറ്റിലും വിവിധ അപകടങ്ങളിലുമായി 100 പേർ മരിച്ചു. സംസ്ഥാനത്തെ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു, വൈദ്യുതി പോസ്റ്റുകൾ തകർന്നു, വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. പ്രയാഗ്‌രാജിലാണ് ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത്, ഇവിടെ മാത്രം 21 പേർക്ക് ജീവൻ നഷ്ടമായി. ഭദോഹിയിൽ 18 പേരും മിർസാപൂരിൽ 15 പേരും ഫത്തേപൂരിൽ പത്തുപേരും മരിച്ചു. ഉന്നാവോ, ബദായൂൺ എന്നിവിടങ്ങളിൽ ആറുപേർ വീതവും പ്രതാപ്ഗഡ്, ബറേലി എന്നിവിടങ്ങളിൽ നാലുപേർ വീതവും മരിച്ചതായി സ്ഥിരീകരിച്ചു. കൂടാതെ സീതാപൂർ, റായ്ബറേലി, ചന്ദൗലി, കാൺപൂർ ദേഹത്, ഹർദോയ്, സംഭാൽ എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും കൗശാംബി, ഷാജഹാൻപൂർ, സോൻഭദ്ര, ലഖിംപൂർ എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് അപ്രതീക്ഷിതമായാണ് കാലാവസ്ഥാ വ്യതിയാനം ഉണ്ടായതും മണിക്കൂറിൽ കിലോമീറ്ററുകളോളം വേഗതയിൽ കാറ്റടിച്ചതും. റോഡുകളിലെ ഹോർഡിംഗുകളും ടിൻ ഷീറ്റുകളും കാറ്റിൽ പറന്നുപോവുകയും വാഹനങ്ങൾക്ക് മുകളിൽ മരങ്ങൾ വീഴുകയും ചെയ്തു. ബറേലിയിൽ ടിൻ ഷീറ്റിനൊപ്പം ഒരു വ്യക്തി 50 അടി ഉയരത്തിലേക്ക് കാറ്റിൽ തെറിച്ചുപോകുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതിനുപുറമെ, ഭദോഹിയിൽ പോണ്ടൂൺ പാലം തകർന്നതിനെ തുടർന്ന് നിരവധി പേർ ഗംഗാ നദിയിൽ വീഴുകയും മിർസാപൂരിൽ പാലം തകർന്ന് ഇരുപതോളം ഗ്രാമങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. ഇടിമിന്നലിലും മതിൽ ഇടിഞ്ഞു വീണും പലയിടങ്ങളിലും അപകടങ്ങൾ സംഭവിച്ചു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ ധനസഹായം നൽകാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഓരോ മൂന്ന് മണിക്കൂറിലും നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
