വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്നും വയനാട് ടൗൺഷിപ്പിൽ വിഷുവിന് മുൻപ് താമസിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പ്രോഗ്രസ് കാർഡ് തട്ടിപ്പ് ആണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമിച്ചതായി സർക്കാർ അവകാശപ്പെട്ടു. നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, 2,66,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, പിഎസ്‌സി വഴി 3,13,202 നിയമനങ്ങൾ നടത്തുകയും ചെയ്തതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡിഗ്രി തലത്തിൽ വരെ സൗജന്യ വിദ്യാഭ്യാസം, വയനാട് തുരങ്ക പാത നിർമ്മാണം, വിഴിഞ്ഞം പദ്ധതി എന്നിവയും നേട്ടങ്ങളായി അദ്ദേഹം നിരത്തി.
അതിനിടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രമാണ് വികസനം ഉണ്ടായതെന്നും പ്രോഗ്രസ് റിപ്പോർട്ടിന് പൂജ്യം മാർക്കാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. സ്വർണ്ണ കൊള്ളയായിരുന്നു പ്രോഗ്രസ് റിപ്പോർട്ടിൽ വരേണ്ടിയിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം തെരഞ്ഞെടുപ്പിന് രണ്ട് നാൾ മുമ്പ് അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിലൂടെ സർക്കാരിന്റെ വികസന നേട്ടങ്ങൾ തിരികെ ചർച്ചയിലേക്ക് കൊണ്ടുവരികയാണ് മുഖ്യമന്ത്രി. വികസനത്തുടർച്ചയ്ക്ക് വോട്ട് ചോദിക്കുന്ന എൽഡിഎഫിനെ തട്ടിപ്പ് പ്രോഗ്രസ് റിപ്പോർട്ടെന്ന വിമർശനം കൊണ്ട് പ്രതിരോധിക്കാൻ പ്രതിപക്ഷവും ശ്രമിക്കുകയാണ്.
