മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്ന പി വി അൻവറുമായുള്ള ഫോൺ വിളി വിവാദത്തിൽ എസ് പി സുജിത്ത് ദാസിന് ക്ലീൻചിറ്റ്. ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതിയാണ് ക്ലീൻചിറ്റ് നൽകിയത്. പ്രധാന തെളിവായ ഫോൺ സംഭാഷണം ഹാജരാക്കാൻ പി വി അൻവർ തയ്യാറായില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേ സമയം പുരാവസ്തു തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മണിന് എതിരെയുള്ള അന്വേഷണവും ശാസനയിൽ ഒതുക്കി അവസാനിപ്പിച്ചു.
മരം മുറി കേസിൽ പരാതി പിൻവലിക്കാൻ അപേക്ഷിക്കുന്നതും അജിത് കുമാർ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനം ഉപയോഗിച്ച് വൻ ശക്തിയായി മാറിയതടക്കമുളള എസ് പി സുജിത് ദാസിൻ്റെ ഫോൺ സംഭാഷണമായിരുന്നു പി വി അൻവർ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വലിയ വിവാദമായതോടെ സംഭവത്തിൽ അന്വേഷണവും പിന്നീട് സുജിത്ത് ദാസിന്റെ സസ്പെൻഷനിലേക്കും കാര്യങ്ങൾ എത്തി . എന്നാൽ സംഭാഷണം വ്യാജമായി ഉണ്ടാക്കിയതാണെന്നായിരുന്നു
അന്വേഷണസംഘത്തിന് സുജിത്ത് ദാസ് നൽകിയ മൊഴി. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാത്തതും പ്രധാനപ്പെട്ട തെളിവായ സംഭാഷണം റെക്കോർഡ് ചെയ്ത ഫോൺ ഹാജരാക്കാൻ പി വി അൻവർ തയ്യാറാകാത്തതുമാണ് കേസിൽ
സുജിത്ത് ദാസിന് ക്ലീൻചിറ്റ് നൽകാൻ കാരണമായത്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പിന്റെ അന്വേഷണ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഉത്തര മേഖല ഐജി, ഇന്റലിജൻസ് ഐജി എന്നിവർ ഉൾപ്പെട്ട സമിതിയാണ് വകുപ്പുതല അന്വേഷണം നടത്തിയത്. അതേസമയം, പുരാവസ്തുതട്ടിപ്പിൽ പ്രതി മോൻസൺ മാവുങ്കലിനെ ഐ ജി ലക്ഷ്മൺ സഹായിച്ചെന്ന കേസിൽ, ശാസനയിൽ ഒതുക്കി പൊലീസ് വകുപ്പുതല അന്വേഷണം അവസാനിപ്പിച്ചു. ജാഗ്രതക്കുറവ് ഉണ്ടായെന്നും മേലാൽ ആവർത്തിക്കരുത് എന്ന നിർദേശത്തോടെയുള്ള റിപ്പോർട്ടാണ് ഡിജിപി നിധിൻ അഗർവാൾ നൽകിയത്. കേസിൽ പ്രതിയായതോടെ നേരത്തെ സ്ഥാനക്കയറ്റം തടഞ്ഞിരുന്നു. സർക്കാർ റിപ്പോർട്ട് അംഗീകരിച്ചാൽ എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും.
