സർക്കാരിനെ ഒന്നാം എതിർ കക്ഷിയായും മുഖ്യമന്ത്രിയെ രണ്ടാം എതിർകക്ഷിയായും ഉൾപ്പെടുത്തിയാണ് നോട്ടീസ് അയച്ചത്. യാത്രയുടെ മുഴുവൻ വിശദാംശങ്ങളും ലോകായുക്തക്ക് കൈമാറാനാണ് നിർദ്ദേശം.
സ്പോൺസേഡ് വിമാനത്തിൽ മലപ്പുറത്തേക്കു മുഖ്യമന്ത്രി നടത്തിയ യാത്രയിലാണ് ലോകായുക്തയുടെ ഇടപെടൽ. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്. യാത്രയുടെ വിശദാംശങ്ങൾ സർക്കാർ വ്യക്തമാക്കണം. യാത്രയുടെ സ്പോൺസർ ആരാണെന്ന കാര്യത്തിൽ മറുപടി നൽകേണ്ടിവരും. സ്പോൺസർ ചെയ്തവർക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണം. തുടർന്ന് എന്തെങ്കിലും സഹായം നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നുള്ള കാര്യവും ലോകായുക്ത സർക്കാരിനോട് ചോദിച്ചിട്ടുണ്ട്. കെഎം ഷാജഹാൻ ആണ് ഹർജിക്കാരൻ. ചിപ്സൺ ഏവിയേഷൻ സ്പോൺസർ ചെയ്ത വിമാനത്തിലാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് യാത്ര നടത്തിയത് എന്നായിരുന്നു ഉയർന്ന വിവാദം. വിവാദം ഉയർന്നെങ്കിലും ഇനിയും സ്പോൺസേഡ് യാത്രകൾ നടത്തുമെന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. യാത്രയുടെ മറ്റു വിശദാംശങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി ഇതുവരെയും തയ്യാറായിട്ടില്ല. ലോകായുക്ത ഇടപെടലോടെ ഇനി സർക്കാർ നിലപാട് വിശദീകരിക്കേണ്ടിവരും. ജനുവരി 12 ന് ലോകായുക്ത കേസ് വീണ്ടും പരിഗണിക്കും.
