പ്രായം 62! എന്നാൽ അതിനെ തോൽപ്പിക്കുന്ന വേഗത! നീന്തൽക്കുളത്തിലെ മിന്നും താരമായി മാറുകയാണ് സ്നേഹപ്രഭ. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഇതിനോടകം സ്വന്തമാക്കിയത് നിരവധി മെഡലുകൾ. പ്രായം തളർത്താത്ത മനസ്സും ശരീരവും കൊണ്ട് നേട്ടങ്ങൾ കൊയ്യുന്ന സ്നേഹപ്രഭ. ചെറുപ്പം മുതൽ നീന്തൽ അറിയാം എന്നാൽ ജീവിത തിരക്കിൽ നീന്തലിന് സമയം കിട്ടിയില്ല. പക്ഷെ 52-ാം വയസ്സിൽ ഒരു കൈവേദന വന്നു. മരുന്നുകൾ ഏറെ പരീക്ഷിച്ചിട്ടും പരിഹാരമായില്ല. ഒടുവിൽ ഡോക്ടറുടെ നിർദേശപ്രകാരം നീന്തൽ വീണ്ടും ആരംഭിച്ചു. വെള്ളത്തിലിറങ്ങിയതോടെ വേദന പമ്പ കടന്നെന്ന് പറയാം. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി. നീന്തലിനോടുള്ള ഇഷ്ടം മത്സരവേദികളിലേക്കും എത്തിച്ചു. ആദ്യം സംസ്ഥാന തല മത്സരങ്ങളിൽ തിളങ്ങി. പിന്നീട് നിരവധി തവണ ദേശീയതലത്തിൽ മത്സരിച്ചു. 2025ൽ ദേശീയതലത്തിൽ വെള്ളി മെഡലും സ്വന്തമാക്കി.
നിരവധി പേർ നീന്തൽ പഠിക്കാൻ താല്പര്യം അറിയിച്ചു. വീടിനടുത്തുള്ള പൊതുകുളത്തിൽ പഠിപ്പിക്കാൻ തുടങ്ങി. എന്നാൽ ലൈസൻസില്ലാതെ പരിശീലനം നൽകുന്നതിനെതിരെ ചിലർ രംഗത്തെത്തി. അതോടെ ടെസ്റ്റ് എഴുതി ലൈസൻസും സ്വന്തമാക്കി. മക്കളുടെ സഹായത്തോടെ വീടിന് ചേർന്ന് നീന്തൽക്കുളമൊരുക്കി കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പരിശീലനം നൽകുന്നു. ഒരു മനുഷ്യൻ നീന്തൽ അറിയാതെ വെള്ളത്തിൽ വീണാൽ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചാണ് ആദ്യം പഠിപ്പിക്കുക. പിന്നീട് കുളത്തിലിറക്കി പരിശീലനം നൽകും. ആരെയും ഒരു മണിക്കൂറിനുള്ളിൽ നീന്തൽ പഠിപ്പിക്കുമെന്നതാണ് സ്നേഹപ്രഭയുടെ പ്രത്യേകത.
നീന്തൽക്കുളത്തിലെ താരമെന്നതിലുപരി മറ്റൊരു സാഹസിക മുഖം കൂടിയുണ്ട് സ്നേഹപ്രഭയ്ക്ക്. ആവശ്യമെങ്കിൽ പാമ്പിനെ പിടിക്കാനും തയ്യാറാണ്. സ്നേക്ക് റെസ്ക്യൂ ടീമിലും അംഗമാണ്. പ്രായം ഒരു സംഖ്യ മാത്രമാണെന്നും മനസ്സുണ്ടെങ്കിൽ ഏത് പ്രായത്തിലും പുതിയ തുടക്കങ്ങൾ സാധ്യമാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഈ 62-കാരി.
