20 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയിൽ ചേവായൂർ പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം. ഹൈമയ്ക്കെതിരെയാണ് നടപടി. സോഷ്യൽ മീഡിയ വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയും വിവാഹത്തിലേക്ക് കടക്കാമെന്ന് യുവതി വാഗ്ദാനം നൽകുകയും ചെയ്തു. എന്നാൽ യുവതി നേരത്തെ വിവാഹിതയാണെന്ന വിവരം മറച്ചുവച്ചെന്നാണ് യുവാവിന്റെ ആരോപണം. വിവാഹ വാഗ്ദാനം നൽകി പലതവണയായി പണം കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് യുവാവ് പൊലീസിനെ സമീപിച്ചത്. പരാതിയിൽ കേസെടുത്ത ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിൽ യുവതിക്കെതിരെ കേസ്
