സസ്പെൻഷനിലായ 16 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർവകലാശാല നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് നാളെ വിധി പറയും. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളീകൃഷ്ണൻ എസ്. എന്നിവരടങ്ങിയ ബെഞ്ചാണ് ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷം അപ്പീൽ വിധി പറയാൻ മാറ്റിയത്. നവംബർ നാലിന് ആരംഭിക്കുന്ന പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവാണ് സർവകലാശാല ചോദ്യം ചെയ്തത്.
പരീക്ഷ എഴുതാൻ ആവശ്യമായ അറ്റൻഡൻസ് പോലും വിദ്യാർത്ഥികൾക്ക് ഇല്ലെന്നാണ് സർവകലാശാലയുടെ ആരോപണം. എന്നാൽ അച്ചടക്ക നടപടികൾ പൂർത്തിയാകാത്തതിനാൽ അക്കാദമിക് ഭാവിയെ ബാധിക്കുന്ന സാഹചര്യമാണെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് 16 പേരെ സസ്പെൻഡ് ചെയ്തത്.
