വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവുപോലും പാലിക്കാതെ വന്നതോടെ സർവകലാശാലയിലേക്ക് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി. വൈകിട്ട് വിദ്യാർത്ഥികൾ നിരാഹാര സമരം തുടങ്ങും. ഇതിനിടെ അച്ചടക്ക സമിതിയുടെ അന്വേഷണത്തിൽ സിസ തോമസ് അനാവശ്യമായി ഇടപെടുന്നു എന്ന് സമിതി അംഗം ഇന്ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിന് റിപ്പോർട്ട് സമർപ്പിച്ചു.
വൈസ് ചാൻസലർ സിസ തോമസിനെതിരെ സമരം ചെയ്ത 16 വിദ്യാർഥികളെ ആഗസ്റ്റ് 31നാണ് സസ്പെൻഡ് ചെയ്തത്. ഇതുവരെ തിരിച്ചെടുത്തില്ല. ഇതിനിടെ കോടതിയിൽ പോയി പരീക്ഷ എഴുതാൻ അനുമതി വാങ്ങിയെങ്കിലും അതും നടപ്പിലാക്കാൻ സർവ്വകലാശാല തയ്യാറായില്ല. ബിരുദ വിദ്യാർത്ഥികൾക്ക് നവംബർ നാലിനും ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ആറിനുമാണ് പരീക്ഷ തുടങ്ങുന്നത്. ഇതോടെയാണ് സമരം ശക്തമാക്കാൻ എസ്എഫ്ഐ തീരുമാനിച്ചത്. അനുമതി നിക്ഷേധിച്ചത് കോടതി അലക്ഷ്യം എന്ന് കാട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ന് ജനകീയ മാർച്ച് നടത്തി. സമരം സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ വേട്ടയാടുന്ന നെറികെട്ട രാഷ്ട്രീയമാണ് നടക്കുന്നതെന്ന് എസ് സതീഷ് പറഞ്ഞു.
പരിഹാരമായില്ലെങ്കിൽ ഇന്ന് വൈകിട്ട് വിദ്യാർഥികൾ നിരാഹാര സമരം തുടങ്ങും. സസ്പെൻഷൻ വിഷയം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സർവകലാശാല സിൻഡിക്കേറ്റ് യോഗം ഓൺലൈനായി ചേരുകയാണ്. അതിൽ ഒരു പരിഹാരം ആണ് ഇവരുടെ പ്രതീക്ഷ. സിസാ തോമസ് ആവശ്യമില്ലാതെ അച്ചടക്കസമിതിയിൽ സമ്മർദ്ദം ചെലുത്തുന്നു എന്ന് സമിതി അംഗത്തിന്റെ റിപ്പോർട്ടും സിൻഡിക്കേറ്റിൽ ചർച്ചയാകും. അന്വേഷണത്തിൽ രണ്ടു പരാതികൾ കൂടി പരിഗണിക്കണം എന്നായിരുന്നു സിസ തോമസിന്റെ നിർദ്ദേശം. ഇതിനെ ശക്തമായി എതിർക്കുകയാണ് അച്ചടക്ക സമിതി.
