അബ്കാരി ആക്ട് പ്രകാരം കേസെടുത്തെങ്കിലും തുടർനടപടികൾ വെച്ചുതാമസിപ്പിച്ചാണ് പൊലീസിന്റെ ഒത്തുകളി. പൊലീസ് റിപ്പോർട്ട് നൽകാത്തതിനാൽ ബാറിനെതിരെ നടപടിയെടുക്കാനാകില്ലെന്ന എക്സൈസ് നിലപാടിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലെന്നാണ് സൂചന.
തുടർച്ചയായി നിയമം ലംഘിച്ചാലും കടവന്ത്ര റാഡിസൺ ബ്ലൂ ഹോട്ടലിനോട് ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ്. മിക്കദിവസങ്ങളിലും ഹോട്ടലിൽ പുലർച്ചെ മൂന്ന് വരെ നീളുന്ന ഡി ജെ. പരാതികൾ ഉയരുമ്പോൾ പ്രഹസനം പോലെ പൊലീസിന്റെ മിന്നൽ പരിശോധന. പെറ്റി കേസ് പോലും തോറ്റുപോകുന്ന തരത്തിൽ രണ്ട് വകുപ്പുകൾ ചുമത്തി കേസെടുക്കുന്നിടത്ത് നടപടികൾ തീരും. ഇത്തവണയും നടന്നത് അതേ തിരക്കഥ. സിനിമ സ്റ്റൈലിൽ എസിപിയും പൊലീസുദ്യോഗസ്ഥരും ബാറിൽ പരിശോധനയ്ക്കെത്തി. നിയമലംഘനങ്ങൾ കണ്ടെത്തി കടവന്ത്ര പൊലീസ് അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. അവിടെ തീർന്നു ആവേശം. കേസെടുത്ത വിവരങ്ങൾ ചൂണ്ടിക്കാട്ടി എക്സൈസിന് റിപ്പോർട്ട് നൽകുകയാണ് അടുത്ത ഘട്ടം. എന്നാൽ മാത്രമേ ബാറിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാകൂ. കടവന്ത്ര പൊലീസ് ഇതിന് തയാറായിട്ടില്ല. ബാറിൽ റെയ്ഡ് നടത്തിയതിന് തന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് പഴി കേൾക്കേണ്ടിവന്നുവെന്നാണ് ലഭിക്കുന്ന സൂചനകൾ. ഉന്നത രാഷ്ട്രീയ ഇടപെടൽ തന്നെയാണ് തുടർ നടപടികൾക്ക് തടസം നിൽക്കുന്നത്. ഡിജെ പാർട്ടിക്കും ഇതിൽ മദ്യം വിളമ്പാനും അനുമതി നൽകിയിട്ടില്ലെന്ന് എക്സൈസ് വിശദീകരിക്കുന്നു. രാത്രി പതിനൊന്ന് വരെ മാത്രമാണ് നഗരത്തിൽ ഡിജെ പാർട്ടികൾക്ക് അനുമതി. ഇതെല്ലാം ലംഘിച്ചാണ് റാഡിസൺ ബ്ലൂ ഹോട്ടലിൽ മദ്യവിതരണവും പാർട്ടിയും നടക്കുന്നത്. ലഹരിമാഫിയ സംഘങ്ങളുടെ പ്രധാന കേന്ദ്രം കൂടിയാണ് ഈ ഹോട്ടൽ. ഡിജെ പാർട്ടിക്ക് ശേഷം ലഹരിയുപയോഗിക്കാൻ ഒത്തുകൂടിയ ഡോക്ടർമാരടക്കം നേരത്തെ ഇതേ ഹോട്ടലിൽ നിന്ന് പിടിയിലായിട്ടുണ്ട്. നിയമലംഘനങൾ പതിവാണെന്ന് അറിഞ്ഞിട്ടും എക്സൈസ് പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാറില്ല. നഗരത്തിലെ മറ്റ് ബാറുകളിലും പബുകളിലും പരിസരങ്ങളിലും പരിശോധന നടത്താറുള്ള പൊലീസ് റാഡിസൺ ബ്ലൂ ബാറിന്റെ പരിസരത്ത് പോലും എത്താറില്ല. പരാതികൾ വ്യാപകമാകുമ്പോൾ മുഖം രക്ഷിക്കാൻ ഒരു പരിശോധനയിൽ ഒതുങ്ങും നടപടികൾ.
