ഇൻഷുറൻസ് കമ്പനി ആദ്യം തുക നൽകണം; പിന്നീട് വാഹന ഉടമയിൽനിന്ന് ഈടാക്കാൻ ഉത്തരവ്: മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി കെ. എൻ ഹരികുമാർ ഉത്തരവായി.
മൂവാറ്റുപുഴ: ലൈസൻസില്ലാതെ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച വാഹനമിടിച്ച് മരിച്ച രണ്ടാർ സ്വദേശി സുമതിയുടെ (72) കുടുംബത്തിന് ഏകദേശം 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ഉത്തരവിട്ടു. മരണപ്പെട്ട സുമതിയുടെ നിയമപരമായ അവകാശികളായ മക്കൾക്ക് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരത്തുക നൽകണമെന്നാണ് ഉത്തരവ്. എന്നാൽ, അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്തയാളായതിനാൽ, ഇൻഷുറൻസ് കമ്പനി തുക ആദ്യം പരാതിക്കാർക്ക് നൽകുകയും പിന്നീട് വാഹന ഉടമയിൽനിന്ന് ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഈടാക്കുകയും ചെയ്യുന്ന വിധമാണ് കോടതി ഉത്തരവ്.
11,02,000 രൂപയും അതിന് 8 ശതമാനം പലിശയും കോടതി ചെലവുകളും ഉൾപ്പെടെ ഏകദേശം 14 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. 2024 ജൂലൈ 12-ന് രാവിലെ 9.30-ഓടെ മൂവാറ്റുപുഴ ചാലിക്കടവ് റോഡിലൂടെ നടന്നുപോകുകയായിരുന്ന സുമതിയെ KL 44 E 7473 നമ്പർ മോട്ടോർസൈക്കിൾ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുമതി മരണപ്പെട്ടു.
മൂവാറ്റുപുഴ രണ്ടാർ കരയിൽ മാടവനപുത്തൻ പുരയിൽ പരേതനായ രാമകൃഷ്ണൻ്റെ ഭാര്യ സുമതിയാണ് വാഹന അപകടത്തിൽ മരണമടഞ്ഞത്. സുമതിക്ക് അപകടസമയത്ത് 72 വയസ്സായിരുന്നു.
മൂവാറ്റുപുഴ സിവിൽ സ്റ്റേഷന് സമീപം വെള്ളൂർക്കുന്നം ഭാഗത്ത് താമസിക്കുന്ന അനസിന്റെ മകൻ മുഹമ്മദ് സുഹൈലായിരുന്നു അപകടസമയത്ത് മോട്ടോർസൈക്കിൾ ഓടിച്ചിരുന്നത്. അന്ന് 17 വയസ്സായിരുന്ന സുഹൈലിന് ഡ്രൈവിങ് ലൈസൻസും ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ ഉടമ കോതമംഗലം പോത്താനിക്കാട് കൂവള്ളൂർ കല്ലും പുറത്ത് വീട്ടിൽ മുഹമ്മദ് മകൻ അലിയാറാണ്.
മരിച്ച സുമതിയുടെ മക്കളായ ബിനു, ബിനിത, ബബിത എന്നിവർക്കാണ് നഷ്ടപരിഹാരത്തുക ലഭിക്കുക. ഈ കേസിൽ വാഹനമോടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത മുഹമ്മദ് സുഹൈലിനെ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ലൈസൻസില്ലാത്ത മൈനർ വാഹനമോടിച്ചുണ്ടായ അപകടത്തിൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം ആദ്യം നൽകുകയും പിന്നീട് വാഹന ഉടമയിൽനിന്ന് തുക തിരിച്ചുപിടിക്കുകയും വേണമെന്ന ട്രിബ്യൂണലിന്റെ ഉത്തരവ് ശ്രദ്ധേയമാണ്. വാഹനം ഒരാൾ മറ്റൊരാൾക്ക് വിൽക്കുമ്പോൾ പേരുമാറ്റി കൊടുക്കണമെന്ന് ഈ വിധിയിലൂടെ മനസ്സിലാക്കാം. ഈ കേസ്സിൽ വാഹന ഉടമ പേരുമാറാതിരുന്നതുകൊണ്ടാണ് 14 ലക്ഷം രൂപ അടക്കേണ്ടി വരുന്നത്. നഷ്ടപരിഹാര കേസ്സിൽ സുമതിയുടെ കുടുംബത്തിന് വേണ്ടി അഡ്വ.എൻ പി തങ്കച്ചൻ മൂവാറ്റുപുഴ ഹാജരായി.
