പനമരം കീഞ്ഞുകടവ് സ്വദേശി റാഹിനയ്ക്കാണ് ഇഞ്ചക്ഷൻ മാറി നൽകിയത്. അയേൺ ഇഞ്ചക്ഷന് പകരം വാക്സിൻ കുത്തിവെച്ചുവെന്നാരോപിച്ച് വൻ പ്രതിഷേധമാണ് ആശുപത്രിയിലുണ്ടായത്.
കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിലാണ് ഗർഭിണിയായ റാഹിന ചികിത്സ തേടുന്നത്. ഇവിടുത്തെ ഡോക്ടറുടെ നിർദേശപ്രകാരം പനമരം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ കുത്തിവയ്പ്പിനായി പോയി. എന്നാൽ ഡോക്ടറുടെ നിർദേശപ്രകാരം നൽകിയ ഇഞ്ചക്ഷൻ സാധാരണ ലഭിക്കാറുള്ളതുപോലെയല്ല എന്ന് ബോധ്യപ്പെട്ടു. ഇതേ തുടർന്ന് നഴ്സിനോട് പരാതിപ്പെടുകയായിരുന്നു.
ഡോക്ടർക്ക് പിഴവ് സംഭവിച്ചുവെന്ന് സംശയിക്കുന്നുവെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. ആശുപത്രിക്ക് മുന്നിൽ സിപിഐഎം-മുസ്ലീം ലീഗ്-സിപിഐ പ്രവർത്തകർ പ്രതിഷേധിച്ചു. ഡിഎംഒ സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ അന്വേഷണം ഉറപ്പു നൽകി. ഡിഎംഒയുടെ ഉറപ്പിലാണ് പ്രതിഷേധമവസാനിച്ചത്.
