കശ്മീരിലേക്ക് വിനോദയാത്രയ്ക്ക് ബുക്കിങ് എടുത്ത ശേഷം ടൂർ കമ്പനി വഞ്ചിച്ചതായി പരാതി. കണ്ണൂർ അഞ്ചരക്കണ്ടിയിലെ DKവേൾഡ് ഗോ പ്ലസ് എന്ന കമ്പനിക്കെതിരെയാണ് കോഴിക്കോട് സ്വദേശികളുടെ പരാതി. ഏഴ് ലക്ഷത്തോളം രൂപ അഡ്വാൻസായി വാങ്ങിയ ശേഷം യാത്രയിൽ തടസങ്ങൾ പറഞ്ഞ് പണം തട്ടിയെന്നാണ് ആരോപണം. പരാതിയിൽ പിണറായി പൊലീസ് കേസെടുത്തു.
കോഴിക്കോടുകാരായ സംഘം സാമൂഹ്യമാധ്യത്തിൽ പരസ്യം കണ്ട് ബന്ധപ്പെട്ടതാണ് ഡി.കെ വേൾഡ് ഗോ പ്ലസ് എന്ന സ്ഥാപനത്തെ. 28 പേരടങ്ങുന്ന സംഘം കശ്മീരിലേക്ക് പാക്കേജ് ബുക്ക് ചെയ്തു. ഓരോരുത്തരും 25000 രൂപ വീതം അഡ്വാൻസായി ആകെ 6 ലക്ഷത്തി തൊണ്ണൂറായിരം കമ്പനിക്ക് നൽകി. ഇതിനു ശേഷമാണ് ടൂർ കമ്പനി തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്ന് പരാതിക്കാർ. കാരണം പറഞ്ഞത് വിമാന ടിക്കറ്റ് നിരക്ക് കൂടിയെന്ന്.
പാക്കേജ് റദ്ദാക്കിയിട്ടും ടൂർ കമ്പനി തുച്ഛമായ പണം മാത്രമാണ് മടക്കിനൽകിയതെന്നും ആരോപണം. സമാന പരാതികൾ വേറെയും കമ്പനിക്കെതിരെ ഉയർന്നതായും പലതും റീഫണ്ട് നൽകി ഒതുക്കിത്തീർത്തുവെന്നുമാണ് ആരോപണം.
ആരോപണം നിഷേധിക്കുകയാണ് ടൂർ കമ്പനി. വിമാന ടിക്കറ്റ് നിരക്ക് ഉയർന്നപ്പോൾ തന്നെ പരാതിക്കാരെ വിവരം അറിയിച്ചുവെന്നും യാത്ര നീട്ടിവെക്കാൻ അവർ തയ്യാറാവാതിരുന്നതിനാൽ ബുക്കിങ് റദ്ദാക്കിക്കൊടുത്തെന്നുമാണ് മറുപടി. എന്നാൽ ടിക്കറ്റ് നിരക്ക് കൂടിയതിൻറെ പേരിൽ കൂടുതൽ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റീ ഫണ്ട് ഈ മാസം തന്നെ പൂർണമായും നൽകുമെന്നുമാണ് വിശദീകരണം.
