ഗതാഗത മന്ത്രി സി.പി. ജോണുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയിലാണ് സുപ്രധാന തീരുമാനം. ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്ന അഞ്ച് നിർണായക തീരുമാനങ്ങൾക്കാണ് ചർച്ചയിൽ ധാരണയായിരിക്കുന്നത്.
സ്വകാര്യ ബസ് ഉടമകൾ മുന്നോട്ട് വച്ച ആവശ്യങ്ങളിൽ സുപ്രധാനമായതെല്ലാം അംഗീകരിച്ചെന്നും ഇതിൻ്റെ പശ്ചാത്തലത്തിൽ ബസുടമകൾ നടത്തുന്ന സമരം പിൻവലിച്ചതായാണ് ഗതാഗത മന്ത്രി അറിയിച്ചത്. യോഗ തീരുമാനങ്ങൾ ഗതാഗത മന്ത്രി തന്നെ മാധ്യമങ്ങളെ അറിയിച്ചു. സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി വെറ്റ് ലീസിംഗിന് എടുക്കാൻ ധാരണയായത് ബസുടമകൾക്ക് വലിയ ആശ്വാസമായി.
ബസുകളുടെ കാലപരിധി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ പത്മകുമാർ കമ്മീഷൻ ശുപാർശ നിയമാനുസൃതം നടപ്പാക്കും എന്നും ഗതാഗത മന്ത്രിയുടെ ഉറപ്പ്.
ബസ് ഉടമകളുടെ പങ്കാളിത്തത്തോടെ സ്ഥിരം സമിതി രൂപീകരിക്കും, സർവീസ് കൈമാറ്റത്തിലെ തടസ്സങ്ങൾ നീക്കും എന്നിങ്ങനെ ആയിരുന്നു മറ്റ് തീരുമാനങ്ങൾ. മുൻ എംഎൽഎ പാലോട് രവി സമര പന്തലിൽ എത്തി നിരാഹാരം കിടന്നവർക്ക് നാരങ്ങ നീര് നൽകി നിരാഹാരം അവസാനിപ്പിച്ചു.
