തൃശ്ശൂർ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി 30 വയസ്സുള്ള ഉണ്ണിമായയാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ജോലിക്കായി തയ്യാറെടുക്കുന്നതിനിടെ ഭർത്താവ് ശിവപ്രസാദുമായി തർക്കമുണ്ടായി. പിന്നീട് തർക്കം വഴക്കിലേക്ക് വഴിമാറി. പിന്നീട് ഭർത്താവിൻറെ അമ്മയും മറ്റും വന്നു നോക്കുമ്പോൾ ഉണ്ണിമായ മുറിയിൽ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്. ഭർത്താവിൻറെ അമ്മയും നാട്ടുകാരുമാണ് യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് ശേഷം വീട്ടിൽ നിന്നും പുറത്തേക്ക് പോയ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തർക്കത്തിനിടെ ശിവപ്രസാദ് ഉണ്ണിമായയുടെ കഴുത്തുപിടിച്ച് ഞെരിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.മുൻപും ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഉണ്ണിമായയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിന് ശേഷമേ കൃത്യമായ മരണകാരണം കണ്ടെത്താനാകു.
