പ്രതിദിന വൈദ്യുതി ഉപഭോഗത്തിൽ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം കെഎസ്ഇബി ചുരുക്കി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഒരിടത്തും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നാണ് വിശദീകരണം. അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ തിരക്കിട്ട നീക്കങ്ങൾ തുടരുകയാണ്. പവർ എക്സ്ചേഞ്ചിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങാനാണ് ശ്രമം.
റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ച 200 മെഗാവാട്ടും കേന്ദ്ര നിലയങ്ങളിൽ നിന്ന് നേരത്തെ മുടങ്ങിയ 200 മെഗാവാട്ടും ലഭിച്ചതോടെ വൈദ്യുതി പ്രതിസന്ധിയുടെ ആക്കം കുറഞ്ഞെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഔദ്യോഗികമായി ലോഡ് ഷെഡിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള രണ്ട് ദിവസങ്ങളിലും സംസ്ഥാനത്തെ ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രമാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച വടക്കൻ കേരളത്തിലെ ചില മേഖലകളിൽ മാത്രമായിരുന്നു നിയന്ത്രണം. എന്നാൽ ഇന്നലെ ഒരിടത്തും ഔദ്യോഗിക നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്ന് ബോർഡ് വ്യക്തമാക്കി.
വേനൽമഴ സജീവമായതോടെ വൈദ്യുതി ഉപഭോഗം താരതമ്യേന കുറഞ്ഞിട്ടുണ്ട്. വരും ആഴ്ചകളിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. പവർ എക്സ്ചേഞ്ചിൽ നിന്ന് അധികമായി ആവശ്യപ്പെട്ടിരിക്കുന്ന 250 മെഗാവാട്ട് വൈകാതെ ലഭിച്ചേക്കും. കെഎസ്ഇബി ഉദ്യോഗസ്ഥരും വൈദ്യുതി റെഗുലേറ്ററി ബോർഡും ഒരു തട്ടിലായതും ശുഭസൂചനയാണ്. അധികം വൈകാതെ വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്ത അഞ്ച് ദിവസമെങ്കിലും ശക്തമായ മഴപെയ്താൽ ഡാമുകളിലെ ജലനിരപ്പ് ഉയരും എന്നും വൈദ്യുതി ബോർഡ് കണക്കുകൂട്ടുന്നു.
