രാജ്യത്ത് ചികിത്സാ ചെലവിലും രോഗികളുടെ എണ്ണത്തിലും കേരളം ഏറ്റവും മുന്നിലെന്ന് റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ഏപ്രിലിൽ പുറത്തിറക്കിയ ദേശീയ സാംപിൾ സർവേയിലാണ് കണ്ടെത്തൽ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ചികിത്സാ ചെലവ് ദേശീയ ശരാശരിയെക്കാൾ മുകളിലാണെന്നും റിപ്പോർട്ടിലുണ്ട്.
ആരോഗ്യരംഗത്ത് കേരളം നമ്പർ വൺ എന്ന് പറയുമ്പോഴും ഞെട്ടിക്കുന്ന കണക്കുകൾ ആണ് പുറത്തുവരുന്നത്. ഏറ്റവും കൂടുതൽ രോഗികളും, ചികിത്സ തേടുന്നവരും കേരളത്തിലാണുള്ളത്. ആശുപത്രികളിൽ കീശ കാലിയാകുന്നവരുടെ എണ്ണത്തിലും കേരളം മുന്നിലുണ്ട്. സർക്കാർ ആശുപത്രികളുടെ കാര്യത്തിലാണ് ഏറ്റവും ആശങ്കാജനകമായ കണ്ടെത്തൽ. ദേശീയ ശരാശരിയെക്കാൾ വളരെ കൂടുതലാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാ ചെലവ്. സർക്കാർ ആശുപത്രികളിൽ എല്ലാ സൗകര്യങ്ങളുമുണ്ടെന്നു പറയുമ്പോഴും അത് പൂർണമായി സൗജന്യമാക്കാൻ ആശുപത്രികൾക്ക് കഴിയുന്നില്ല. തമിഴ്നാട്, തെലുങ്കാന, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെ വിലയിരുത്തിയാലും കേരളം തന്നെയാണ് ചികിത്സാ ചെലവിൽ ഏറ്റവും മുന്നിൽ.
രോഗബാധിതരുടെ എണ്ണമെടുത്താൽ അത് ദേശീയ ശരാശരിയെക്കാൾ മൂന്ന് ഇരട്ടിയാണ് കേരളത്തിൽ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കിടത്തി ചികിത്സ വേണ്ടി വന്നവരുടെ കണക്ക് നോക്കിയാൽ കേരളത്തിൽ ആയിരം പേരിൽ 92 പേർ എന്നാണ്; ദേശീയ ശരാശരി വെറും 29ഉം. ജീവിതശൈലീ രോഗമുള്ളവരുടെ എണ്ണത്തിലും കേരളത്തിൽ കുതിച്ചുചാട്ടമാണ് സർവേ കണ്ടെത്തിയത്.
