ഇടുക്കി നെടുങ്കണ്ടം പച്ചടിയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ സഹോദരനോടുണ്ടായിരുന്ന കടുത്ത പകയെന്ന് റിമാൻഡ് റിപ്പോർട്ട്. സഹോദരൻ റെജിയെ കൊല്ലാൻ പ്രതി സജി മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്നും അമ്മയെ കൊലപ്പെടുത്തിയത് ആക്രമണം തടസ്സപ്പെടുത്തിയ ദേഷ്യത്തിലാണെന്നും കണ്ടെത്തൽ.
ഏപ്രിൽ 4 ന് രാത്രി അതിക്രൂരമായാണ് സജി അമ്മ മേരിക്കുട്ടിയെയും
സഹോദരൻ റെജിയെയും കൊലപ്പെടുത്തിയത്. നിരന്തരമായ അവഹേളനവും വസ്തു വീതം വെയ്ക്കാൻ സമ്മതിക്കാതിരുന്നതും സഹോദരനോട് പ്രതിയ്ക്ക് കടുത്ത പകയ്ക്ക് കാരണമായി. കഴിക്കാൻ നൽകിയ ചോറ് റെജി സജിയുടെ മുഖത്തേക്ക് വലിചെറിഞ്ഞതോടെ ഇന്ന് തന്നെ റെജിയെ തീർക്കണമെന്ന് സജി തീരുമാനിച്ചു. മർദ്ദനമേറ്റ് വീണതോടെ കഴുത്തിൽ ഷൂസ് കൊണ്ട് ചവിട്ടി ഞെരിച്ചു. മരിച്ചെന്ന് കരുതിയെങ്കിലും വീണ്ടും ഞരക്കം കേട്ടതോട തോർത്ത് കഴുത്തിൽ മുറുക്കി മരണം ഉറപ്പാക്കി. മേരി തടസ്സം പിടിച്ചതോടെ സജി അമ്മയ്ക്കുനേരെ തിരിഞ്ഞു. മർദിക്കുകയും വലിച്ചെറിയുകയും ചെയ്തു. വീഴ്ചയിൽ മേരിയും മരിച്ചു. രണ്ട് പേരും കൊല്ലപ്പെട്ടു എന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹങ്ങൾ കട്ടിലിനടിയിൽ സൂക്ഷിച്ചു. രാവിലെ വീടിനോട് ചേർന്നുള്ള ചായ്പ്പിലേക്ക് മാറ്റി മൂടിവെച്ചു.
സംഘർഷത്തിനിടെ ശരീരത്തിലേറ്റ മുറിവിന് ആശുപത്രിയിലെത്തി ചികിത്സ തേടി. പിന്നീട് ഒന്നും സംഭവിക്കാത്ത പോലെ പെരുമാറി. രണ്ട് ദിവസം കഴിഞ്ഞ് മൃതദ്ദേഹങ്ങളിൽ നിന്നും ദുർഗന്ധം വന്നു തുടങ്ങിയതോടെ പട്ടിക്കൂടിന് സമീപം ഏലകൃഷിയ്ക്കിടയിൽ കുഴിയെടുത്ത് മൂടുകയായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങളടക്കം കത്തിച്ച് തെളിവുനശിപ്പിച്ചു. നെടുങ്കണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
2018 ൽ കാണാതായ പിതാവ് മാത്യു പാസ്റ്ററുടെ തിരോധാനത്തിലും സജിയ്ക്ക് പങ്കുള്ളതായ് ആരോപണമുയരുകയാണ്. ഇക്കാര്യങ്ങളിലടക്കം വ്യക്തത വരുത്താൻ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. ഇതിനായി അടുത്ത ദിവസം അന്വേഷണ സംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
