ആരോഗ്യമന്ത്രി അധ്യക്ഷനായ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വ്യാപക ചട്ടലംഘനങ്ങൾ കണ്ടെത്തി. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകൾ പുറത്ത് വന്നത്. സൊസൈറ്റിയുടെ പല ഇടപാടുകളിലും രേഖകൾ ഇല്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
സർക്കാർ ആശുപത്രികളിലെ സൗകര്യം മെച്ചപ്പെടുത്താൻ രൂപീകരിച്ച കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ടെൻഡറോ, ക്വട്ടേഷനോ ഇല്ലാതെ സാധനങ്ങൾ വാങ്ങുക, പ്രവൃത്തികൾ പൂർത്തിയാക്കിയശേഷം കരാർ തയ്യാറാക്കുക, ഉയർന്ന തുക ക്വാട്ട് ചെയ്ത സ്ഥാപനത്തിൽനിന്ന് സാധനങ്ങൾ വാങ്ങുക തുടങ്ങിയ ഗുരുതരവിഷയങ്ങളാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. രണ്ട് സാമ്പത്തിക വർഷങ്ങളിലെ കണക്കുകളിലാണ് വ്യക്തതയില്ലാത്തത്.
സർക്കാർ ആശുപത്രികളിലേക്കും ലാബുകളിലേക്കും സാധനങ്ങൾ വാങ്ങിയതടക്കം പ്രധാനപ്പെട്ട രേഖകൾ ഇല്ലെന്നാണ് റിപ്പോർട്ട്, കരാറിലുള്ള എക്സിജന്റ് ജീവനക്കാർക്ക് രണ്ടുവർഷം ശമ്പളം നൽകിയതിന് 58.3 ലക്ഷം രൂപ ചെലവഴിച്ചതായി ചെക്ക് ഇഷ്യൂ രജിസ്റ്ററിലുണ്ട്. എന്നാൽ, ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളോ കരാറിന്റെ വിശദാംശമോ ജോലിചെയ്യുന്ന യൂണിറ്റുകളുടെ വിവരങ്ങളോ ഓഡിറ്റിന് കൈമാറിയില്ല. ലാബിലേക്കും ആശുപത്രികളിലേക്കും വിവിധ സ്ഥാപനങ്ങളിൽനിന്ന് മൂന്നുകോടി രൂപ മുടക്കി വാങ്ങിയ സാധനങ്ങൾക്ക് ടെൻഡർ വിളിച്ചതിനും രേഖയില്ലെന്നാണ് റിപ്പോർട്ട്.ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓഡിറ്റിൽ രേഖകൾ ഹാജരാക്കിയുമില്ല. എന്നാൽ ക്രമക്കേട് ആരോപണം തള്ളുകയാണ് സൊസൈറ്റിയുടെ എംഡി.രേഖകൾ സമർപ്പിക്കാൻ 2 മാസത്തെ സമയം ഉണ്ടെന്നും നിശ്ചിത സമയത്തിനുള്ളിൽ രേഖകൾ സമർപ്പിക്കുമെന്നും എംഡി വ്യക്തമാക്കി.
