താമരശ്ശേരി ചുരം റോഡിലെ ഒമ്പതാം വളവിൽ തകർന്ന സുരക്ഷാഭിത്തിയുടെ പുനർനിർമാണം ഇന്ന് ആരംഭിക്കും. ലോറി ഇടിച്ചുതകർത്ത സുരക്ഷാഭിത്തി മാസങ്ങൾ പിന്നിട്ടിട്ടും പുനർനിർമിക്കാത്ത വാർത്ത ബിഗ് ടിവി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇടപെട്ടതോടെയാണ് നടപടികൾ വേഗത്തിലായത്.
എട്ട് മാസം മുമ്പാണ് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലെ സുരക്ഷാഭിത്തി ലോറി ഇടിച്ച് തകർന്നത്. അപകട സാധ്യത ഉണ്ടായിട്ടും സാങ്കേതിക നടപടികളുടെ പേരിൽ സുരക്ഷാഭിത്തിയുടെ നിർമാണം നീണ്ടു. അപകടം പതിയിരുന്ന ഇവിടെ റിബൺ വലിച്ച് കെട്ടിയും മരങ്ങൾ വച്ചുമാണ് താത്കാലിക പരിഹാരം കണ്ടത്. എന്നാൽ ഭിത്തി നിർമാണം അനന്തമായി നീണ്ടു. വാൽപ്പാറ ദുരന്തത്തിൽ പത്ത് പേർ മരിച്ച സാഹചര്യത്തിൽ ഒമ്പതാം വളവിലെ അപകട സാധ്യത ബിഗ് ടിവി വാർത്ത നൽകിയിരുന്നു. ഈ വാർത്ത കണ്ട മന്ത്രി പി എ മുഹമ്മദ് റിയാസാണ് നടപടി വേഗത്തിലാക്കാൻ നിർദേശം നൽകിയത്.
പുതിയ സുരക്ഷാഭിത്തി രണ്ട് മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് പാർശ്വഭിത്തിയായാണ് നിർമിക്കുക. അതിന് മുകളിൽ അധിക സുരക്ഷയ്ക്കായി ലോഹ കൈവരിയും സ്ഥാപിക്കും. PWD ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമാണം നടക്കുന്നത്. നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും പൂർണ നിയന്ത്രണമുണ്ടായിരിക്കും.
